വാഷിംഗ്ടൺ: യുക്രെയ്ൻ അതിർത്തിയിൽനിന്നുള്ള റഷ്യൻ സേനാ പിന്മാറ്റം വിശ്വാസത്തിലെടുക്കാതെ അമേരിക്ക. യുക്രെയ്നുമേൽ റഷ്യൻ ആക്രമണം ഏതാനും ദിവസത്തിനുള്ളിൽ ഉണ്ടാകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന മോസ്കോയുടെ അവകാശവാദത്തെ വിശ്വസിക്കാൻ കാരണങ്ങളിലെന്നും ബൈഡൻ പറഞ്ഞു. സംഘർഷ ഭീതി ഇപ്പോഴും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. കാരണം അവരുടെ സൈനികരെയൊന്നും ഇതുവരെ പിൻവലിച്ചിട്ടില്ല. അവർ കൂടുതൽ സൈന്യത്തെ അവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
യുക്രെയ്നിൽ കടന്നുകയറാനും ആക്രമിക്കാനും അവർ തയാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന എല്ലാ സൂചനകളും കാണിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് സംഭവിക്കുമെന്നാണ് തന്റെ ധാരണയെന്നും ബൈഡൻ പറഞ്ഞു.
സംഘർഷം ഇല്ലാതാക്കാനുള്ള അമേരിക്കയുടെ നിർദേശങ്ങളോട് പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ അയച്ച കത്ത് താൻ ഇതുവരെ വായിച്ചില്ലെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇപ്പോഴും പ്രശ്നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ട്. എന്നാൽ പുട്ടിനെ വിളിക്കാൻ തനിക്ക് പദ്ധതിയില്ലെന്നും ബൈഡൻ വ്യക്തമാക്കി.
അടിനടക്കും ഉറപ്പ്: യുക്രെയ്നെ റഷ്യ ആക്രമിക്കുമെന്ന് ബൈഡൻ
10:30 PM Feb 17, 2022 | Deepika.com