ബപ്പി ലഹിരി: പാട്ടിനെയും സ്വർണത്തെയും സ്നേഹിച്ച മനുഷ്യൻ!

03:16 PM Feb 16, 2022 | Deepika.com
സംഗീതലോകത്ത് സ്വർണവുമായി വിളക്കിച്ചേർത്ത ബന്ധമുള്ള ഒരാളുണ്ടായിരുന്നു. സ്വർണമാണ് തന്‍റെ ദൈവമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞയാൾ- ബപ്പി ലഹിരി. ഇന്ന് അന്തരിച്ച ബപ്പി ലഹിരിയെക്കുറിച്ചുള്ള ഒാർമകൾക്കെല്ലാം സ്വർണത്തിളക്കമാണ്. വി.ആർ. ഹരിപ്രസാദ് എഴുതുന്നു:

പാട്ടിലെ സ്വർണമനുഷ്യൻ!

കേൾക്കുന്നവരെയെല്ലാം മിഥുൻ ചക്രവർത്തിമാരാക്കുന്ന ഒരു പാട്ടുണ്ട്- അതിന്‍റെ ആദ്യത്തെ വരികേട്ടാൽ മനസ്‌സൊന്നിളകും, ഒന്ന് ഒപ്പംപാടും- അതെ, ഐ ആം എ ഡിസ്കോ ഡാൻസർ!
രചയിതാവും സംഗീതസംവിധായകനും പോട്ടെ, പാടിയയാളെപ്പോലും അറിയാത്തവരും ഉള്ളിൽ കൊണ്ടുനടക്കുന്ന പാട്ടാണത്.

അൻജാൻ എഴുതിയ ഈ പാട്ടു പാടിയത് വിജയ് ബെനഡിക്ട് ആണ്. ചിത്രത്തിന്‍റെ പേരും ഡിസ്കോ ഡാൻസർ. 1982ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെത്തന്നെ, ഉഷ ഉതുപ്പ് പാടിയ ഔവ്വ ഔവ്വ കോയി യഹാ നാചേ എന്നപാട്ടും സൂപ്പർഹിറ്റാണ്- അന്നും ഇന്നും. ഈ പാട്ടുകളൊരുക്കിയ സംഗീതസംവിധായകനാണ് ഇന്നു വിടപറഞ്ഞ ബപ്പി ലഹിരി. ഇന്ത്യൻ ചലച്ചിത്രഗാനരംഗത്തെ

ഒരേയൊരു ഡിസ്കോ കിംഗ്!

ബംഗാളി സംഗീതജ്ഞരായ അപരേഷ് ലഹിരിയുടെയും ബാൻസുരിയുടെയും മകനായി ജയ്പാൽഗുഡിയിലാണ് അലോകേഷ് എന്ന ബപ്പി ലഹിരിയുടെ ജനനം. മൂന്നാം വയസുമുതൽ തബല പഠനം. സാക്ഷാൽ കിഷോർ കുമാർ അടുത്ത ബന്ധു. 19-ാം വയസിൽ സംഗീതസംവിധായകനായി അരങ്ങേറി. ബംഗാളിയിൽ തുടങ്ങി ഹിന്ദിയിലും തെലുഗുവിലും കന്നഡയിലും തമിഴിലുംവരെ പാട്ടുകളൊരുക്കി., ഒരു സിനിമയ്ക്കുവേണ്ടി മലയാളത്തിലും.

ഡിസ്കോ ഡാൻസർ കൂടാതെ ഡാൻസ് ഡാൻസ് എത്ര ചിത്രത്തിലൂടെ അലിഷ ചിനായ് എന്ന ഗായികയ്ക്ക് സംഗീതരംഗത്ത് ഇരിപ്പിടമുണ്ടാക്കിക്കൊടുത്തതും ബപ്പി ദാ തന്നെ.
സംഗീതസംവിധായകൻ, ഗായകൻ എന്നീ നിലകൾക്കൊപ്പം ബപ്പി ലഹിരി പിയാനോ, ഗിറ്റാർ, ഡ്രംസ്, സാക്സഫോണ്‍, ബോങ്കോസ്, ഡോലക് വാദകനുമാണ്. കിംഗ്സ്മാൻ- ദ ഗോൾഡൻ സർക്കിൾ, മുവാന തുടങ്ങിയ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ബപ്പി തിളങ്ങി. എഴുപതുകളുടെ തുടക്കം മുതൽക്കുള്ള ആ സംഗീതജീവിതം രണ്ടുവർഷം മുന്പുവരെ സജീവമായിരുന്നു.

സിന്തസൈസ്ഡ് ഡിസ്കോയുടെയും ഡാൻസ് നമ്പറുകളുടെയും പേരിൽ അറിയപ്പെടുമ്പോഴും എണ്ണംപറഞ്ഞ മെലഡികളും അർധശാസ്ത്രീയ ഗാനങ്ങളും അദ്ദേഹം ഒരുക്കി. ചൽതേ ചൽതേ, സഖ്മീ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഉദാഹരണം.

കിഷോർ കുമാറിന്‍റെ ചൽതേ ചൽതേ എന്ന പാട്ട് ആരു മറക്കും! യെ പഗ് ഗുങ്രൂ ബാന്ധ് മീരാ നാചീ ഥീ (നമക് ഹലാൽ) എന്ന ഗാനം കിഷോറിന് ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. 63-മത് ഫിലിംഫെയർ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാർഡ് ബപ്പി ലഹിരിക്കായിരുന്നു.

പാട്ടും പകിട്ടും

തിളക്കമുള്ള ഈണങ്ങൾക്കൊപ്പം മിന്നിത്തിളങ്ങുന്നതായിരുന്നു ബപ്പി ലഹിരിയുടെ ആകാരം. കടുത്തനിറങ്ങളിലുള്ള വസ്ത്രങ്ങൾക്കൊപ്പം അദ്ദേഹം പതിവായി ധരിക്കുന്ന സ്വർണാഭരണങ്ങൾ കാഴ്ചക്കാരുടെ കണ്ണഞ്ചിപ്പിക്കുമായിരുന്നു. വന്പൻ ലോക്കറ്റുകളുള്ള, കൈത്തണ്ടയുടെ വണ്ണമുള്ള മാലകൾ പലത്, കട്ടിയുള്ള മോതിരങ്ങൾ, വളകൾ എന്നിവ വേറെ.

കഴിഞ്ഞ ധൻതേരസ് ആഘോഷനാളിൽ തന്‍റെ സ്വർണാഭരണഭ്രമത്തെക്കുറിച്ച് ബപ്പി ദാ പറഞ്ഞതിങ്ങനെ:
"പണ്ടൊക്കെ ആളുകൾ പറയുമായിരുന്നു, ബാപ് രേ ബാപ് (എന്‍റെ ദൈവമേ), ആണുങ്ങൾ ഇത്രയും സ്വർണാഭരണങ്ങൾ അണിഞ്ഞു നടക്കുകയോ എന്ന്. പക്ഷേ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഞാൻ അങ്ങനെത്തന്നെ തുടർന്നു, സ്വർണം എന്‍റെ ചോദ്യംചെയ്യപ്പെടാത്ത സ്റ്റൈൽ സ്റ്റേറ്റ്മെന്‍റായി മാറി.

തുടക്കത്തിൽ പകിട്ടിന്‍റെ രാജാവ് എന്നു പേരുവീണ ഞാൻ ഇന്ന് ലോകത്ത് അറിയപ്പെടുന്നത് ഇന്ത്യക്കാരൻ ഗോൾഡ് മാൻ ബപ്പി ലഹിരി എന്നാണ്!! മാലകളും മോതിരങ്ങളും മാത്രമല്ല, എന്‍റെ കൈവശമുള്ളതെല്ലാം സ്വർണംകൊണ്ടുള്ളതാണ്. കണ്ണട, വാച്ചുകൾ എന്നിവയടക്കം. എന്‍റേതുപോലുള്ള ആഭരണങ്ങൾ ഇന്നുവരെ ആരും അണിഞ്ഞിട്ടുണ്ടാവില്ല. ഞാൻ സ്വർണത്തെ ഭാഗ്യമായാണ് കരുതുന്നത്. കഴിഞ്ഞ 50 വർഷം ഞാൻ ചെയ്തതെല്ലാം, ഇപ്പോൾ ഞാൻ ചെയ്യുന്നതെല്ലാം ലക്ഷ്മീദേവിയുടെ അനുഗ്രഹമാണ്.''

എത്ര ആഭരണങ്ങൾ അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നു എന്നതിനു കൃത്യം കണക്കൊന്നുമില്ല. എങ്കിലും ചുരുങ്ങിയത് 150 പവൻ സ്വർണവും അഞ്ചുപത്തു കിലോ വെള്ളിയും കൈവശം സൂക്ഷിച്ചിരുന്നുവെന്നാണ് ഹിന്ദി പത്രങ്ങൾ പറഞ്ഞ പഴയകണക്ക്. പഴയ ആഭരണങ്ങൾ ഉരുക്കി പുതിയവ പണിയിക്കുന്ന ശീലവും അദ്ദേഹത്തിനില്ല-

""ഞാൻ ഒരിക്കലും ഒരാഭരണവും പുതുക്കിപ്പണിയിച്ചിട്ടില്ല. എന്‍റെ ഓരോ മാലകളും, സ്വർണത്തിലുള്ള ഓരോ ആഭരണവും എനിക്ക് ഭാഗ്യംകൊണ്ടുവരുന്നവയാണ്. ഇത്രയും വർഷങ്ങളായി ഞാൻ വാങ്ങിയ സ്വർണമെല്ലാം എന്‍റെ കൈവശമുണ്ട്. ആഭരണങ്ങൾ ഒരിക്കലും പഴയതാവില്ല. മാത്രമല്ല, പഴയവയ്ക്കാണ് കൂടുതൽ ഭാഗ്യമെന്നും ഞാൻ കരുതുന്നു.''

കോവിഡ് മഹാമാരിയും അദ്ദേഹത്തിന്‍റെ ശുഭാപ്തിവിശ്വാസത്തെ ഇല്ലാതാക്കിയിരുന്നില്ല- "എല്ലാവരും വീടുകളിൽ അടച്ചിരിക്കുകയാണ് ഈ വർഷം. എന്തായാലും വൈകാതെ ഒരു നല്ലകാലം വരും. ബന്ധുക്കൾക്കും സ്നേഹിതർക്കുമൊപ്പം എല്ലാവരും സുഖമായിരിക്കൂ''- ഗോൾഡ് ഈസ് മൈ ഗോഡ് എന്ന് ഏറെയിഷ്ടത്തോടെ പ്രഖ്യാപിച്ചിരുന്ന അദ്ദേഹം പങ്കുവച്ച ആശംസ ഇതായിരുന്നു.

എന്നാൽ അസുഖങ്ങളിൽ വലഞ്ഞ അദ്ദേഹത്തിന് താൻ പ്രതീക്ഷയോടെ കണ്ട നല്ലകാലത്തിന്‍റെ സ്വർണത്തിളക്കത്തിലേക്കു മടങ്ങാനായില്ല. ഇനി ആ സുന്ദരഗാനങ്ങളുടെ തിളക്കം ബാക്കിയാവും...

-വി.ആർ. ഹരിപ്രസാദ്