മടങ്ങാൻ ടിക്കറ്റില്ല, ഉള്ളതിനു കൊള്ളവില, യുക്രെയിനിലെ ഇന്ത്യൻ വിദ്യാർഥികൾ പ്രതിസന്ധിയിൽ

10:37 AM Feb 16, 2022 | Deepika.com
ന്യൂഡൽഹി: റഷ്യ- യുക്രെയിൻ സംഘർഷം മൂർച്ഛിച്ചതിനു പിന്നാലെ യുക്രെയിനിൽനിന്നു മടങ്ങാൻ ഇന്ത്യൻ വിദ്യാർഥികളോട് എംബസി ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം വിദ്യാർഥികളും അതിനു കഴിയാത്ത അവസ്ഥയിൽ. ഏതാണ്ട് 18,000 ഇന്ത്യൻ വിദ്യാർഥികളാണ് യുക്രെയിനിൽ പഠിക്കുന്നത്.

അന്തരീക്ഷം സംഘർഷഭരിതമാണെന്നും എന്നാൽ ഇവിടെനിന്നു പെട്ടെന്നു മടങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല തങ്ങളെന്നും വിദ്യാർഥികളിൽ ചിലർ മാധ്യമങ്ങളോടു പറഞ്ഞു. സംഘർഷം മുന്നിൽ കണ്ട് ചില വിദ്യാർഥികൾ ഫ്ളൈറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ഫ്ളൈറ്റുകൾ റദ്ദായി. ഒരു ഫ്ളൈറ്റിലും ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയാണ്. ഇനി ടിക്കറ്റ് ഉണ്ടെങ്കിൽത്തന്നെ പലർക്കും താങ്ങാനാവാത്ത നിരക്ക് ആണ്.

തങ്ങൾ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തത്കാലം സുരക്ഷിതരാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എംബസി തങ്ങളെ രക്ഷപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് കഴിയുന്നതെന്നും ഹർഷ് ഗോയൽ എന്ന വിദ്യാർഥി മാധ്യമങ്ങളെ അറിയിച്ചു.
ഫെബ്രുവരി 20 വരെ ടിക്കറ്റുകൾ ലഭ്യമല്ല എന്നാണ് വിമാനക്കന്പനികൾ അറിയിക്കുന്നതെന്ന് മറ്റൊരു വിദ്യാർഥി ആശങ്കപ്പെട്ടു.

ഇതിനിടെ, അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നു ഇന്ത്യൻ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തങ്ങൾ വിന്യസിച്ചിരിക്കുന്ന സൈനികരിൽ ചെറിയൊരു വിഭാഗത്തെ പിൻവലിക്കാനും റഷ്യ തയാറായത് മഞ്ഞുരുകലിന്‍റെ തുടക്കമായി എല്ലാവരും കരുതുന്നുണ്ട്.

ചർച്ചയ്ക്കു തയാറാണെന്ന റഷ്യയുടെ പ്രസ്താവനയും വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. എന്നാൽ, റഷ്യ ഏതു നിമിഷവും ഒരു ആക്രമണം നടത്താൻ കഴിയുന്ന സന്നാഹത്തിൽ തന്നെയാണെന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ആക്രമണം നടത്തിയാൽ ഉടൻ റഷ്യയ്ക്കു കനത്ത മറുപടി നൽകാൻ സജ്ജരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.