ഫീ റൂൾ ഭേദഗതിക്കെതിരേ അഭിഭാഷകർ പ്രക്ഷോഭത്തിലേക്ക്, 17ന് കരിദിനം

02:10 PM Feb 15, 2022 | Deepika.com
കോട്ടയം: ഹൈക്കോടതി അംഗീകരിച്ചു സംസ്ഥാന സർക്കാരിനു നൽകിയ അഭിഭാഷക ഫീ റൂൾ ഭേദഗതി അംഗീകരിക്കാനാവില്ലെന്നു കേരള ബാർ കൗൺസിൽ. സിവിൽ കേസിലും നഷ്ടപരിഹാര കേസുകളിലും അഭിഭാഷകർക്കു ലഭിച്ചുകൊണ്ടിരുന്ന ഫീസിൽ ഗണ്യമായ കുറവ് വരുന്ന വിധമാണ് ഹൈക്കോടതി ശിപാർശ നൽകിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ബാർ കൗൺസിൽ പറയുന്നു.

ബാർ കൗൺസിലിനോടോ അഭാഭാഷക സംഘടനകളോടോ ആലോചിക്കാതെയാണ് ഹൈക്കോടതി ചട്ട ഭേദഗതി ശിപാർശ ചെയ്തിട്ടുള്ളതെന്നു ബാർ കൗൺസിൽ ചെയർമാൻ അഡ്വ.ജോസഫ് ജോൺ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 17ന് കരിദിനമായി ആചരിക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

2011 മുതൽ നിലനിന്ന ഫീസ് സംവിധാനമാണ് പുതിയ ഭേദഗതിയിലൂടെ തകിടം മറിയുന്നത്. അഭിഭാഷകരെ മുഴുവൻ ബാധിക്കുന്ന വിഷയമെന്ന രീതിയിൽ അഭിഭാഷകരുമായി ചർച്ച നടത്താനുള്ള ഉത്തരവാദിത്വം ഹൈക്കോടതിക്ക് ഉണ്ട്.

17ന് കരിദിനത്തിൽ പ്രത്യേക ബാഡ്ജ് ധരിച്ചായിരിക്കും അഭിഭാഷകർ കോടതികളിൽ ഹാജരാകുന്നത്. ഫീസ് കാലോചിതമായി പരിഷ്കരിക്കുകയാണ് വേണ്ടത്. ആവശ്യം അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.