കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസിലെ പ്രതിയെ പാക് കോടതി വിട്ടയച്ചു

10:23 AM Feb 15, 2022 | Deepika.com
ലാഹോർ: പാക്കിസ്ഥാനിൽ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. നേരത്തെ ഇയാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നെങ്കിലും അപ്പീൽ കോടതിയാണ് ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്. വിധിയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല.

പ്രതിയുടെ സഹോദരിയും സോഷ്യൽ മീഡിയ താരവുമായിരുന്ന ഖ്വാൻഡീൽ ബലോച്ച് (26) കൊല്ലപ്പെട്ട കേസിലാണ് ഇപ്പോൾ പാക് കോടതിയുടെ വിധി വന്നിരിക്കുന്നത്. താരത്തിന്‍റെ സഹോദരൻ ആറു വർഷത്തിൽ താഴെ തടവ് അനുഭവിച്ച ശേഷം തിങ്കളാഴ്ച കുറ്റവിമുക്തനായതായി അഭിഭാഷകർ പറഞ്ഞു. 2016ലാണ് ഖ്വാൻഡീൽ ബലോച്ച് കൊല്ലപ്പെടുന്നത്.

പാക്കിസ്ഥാനിൽ നിൽക്കുന്ന പുരുഷാധിപത്യത്തിനെതിരേ ശക്തമായ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ നടത്തിയാണ് ബലോച്ച് പ്രശസ്തയായത്. അവൾ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട കേസിൽ സഹോദരൻ മുഹമ്മദ് വസീം അറസ്റ്റിലാവുകയും പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയുമായിരുന്നു.

അവരുടെ പെരുമാറ്റം അസഹനീയമായിരുന്നെന്നും അവളുടെ കൊലപാതകത്തിൽ തനിക്ക് തെല്ലും പശ്ചാത്താപമില്ലെന്നും അറസ്റ്റിലായ ശേഷം ഇയാൾ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇങ്ങനെ സ്വയം വെളിപ്പെടുത്തൽ നടത്തിയ ഒരാളെ കേസിൽ കുറ്റവിമുക്തനാക്കിയത് പൊതുസമൂഹത്തിൽ അന്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കിഴക്കൻ നഗരമായ മുൾട്ടാനിലെ കോടതിയാണ് ഇയാളുടെ അപ്പീൽ അനുവദിച്ചു കുറ്റവിമുക്തനാക്കിയത്.

ബലൂച്ചിന്‍റെ കാര്യത്തിൽ, അവളുടെ മാതാപിതാക്കൾ ആദ്യം മകനോടു ക്ഷമിക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ, അവർ പിന്നീടു മനസ് മാറ്റുകയും അവനോടു ക്ഷമിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.