മെൽബണ്‍: ലോക ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ മെൽബണ്‍ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. കോവിഡ് വാക്സിനേഷനിൽനിന്ന് പ്രത്യേക ഇളവ് ഉണ്ടെന്നു വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്യതയില്ലാത്തതിനാണ് സെർബിയൻ താരത്തെ തടഞ്ഞത്.
വീസയ്ക്കൊപ്പം താരം സമർപ്പിച്ചിരിക്കുന്ന രേഖയിൽ കൃത്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം 17ന് മെൽബണിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാണ് താരമെത്തിയത്.
ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാരും മറ്റ് സ്റ്റാഫുകളും വാക്സിൻ നിർബന്ധമായും എടുത്തിരിക്കണമെന്ന് ഓസ്ട്രേലിയൻ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജോക്കോവിച്ച് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. വാക്സിനേഷന് എതിരാണെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്.
വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിലെത്തുന്നവരെ അടുത്ത വിമാനത്തിൽ തന്നെ തിരിച്ച് നാട്ടിലേക്കു പറഞ്ഞുവിടുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണ്‍ പറഞ്ഞിരുന്നു. ജോക്കോവിച്ചിന് വാക്സിനേഷനിൽ നിന്ന് ഇളവ് ഉണ്ടെ ന്ന രേഖ ഹാജരാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൃത്യമായ സർട്ടിഫിക്കറ്റില്ലാതെ ഓസ്ട്രേലിയയിലെത്തിയിരിക്കുന്ന ജോക്കോവിച്ചെന്നല്ല ആരുതന്നെയായാലും അവർക്ക് പ്രത്യേക നിയമമെന്നുമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വാക്സിൻ ഇളവ് രേഖയിൽ പൊല്ലാപ്പ്; ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ തടഞ്ഞു
10:25 PM Jan 05, 2022 | Deepika.com