അനാഥരുടെ അമ്മ സിന്ധുതായി സപ്കൽ അന്തരിച്ചു

12:28 AM Jan 05, 2022 | Deepika.com
ന്യൂഡല്‍ഹി: സാമൂഹികപ്രവർത്തക സിന്ധുതായി സപ്കൽ(76) അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന ഇവരെ കഴിഞ്ഞവർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. മഹാരാഷ്ട്രയിലെ വാര്‍ധയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സിന്ധുതായിക്ക് സാമൂഹ്യ പ്രവര്‍ത്തനത്തിനാണ് പത്മ അവാര്‍ഡ് ലഭിച്ചത്.

മായി എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന സിന്ധുതായി സപ്കൽ രണ്ടായിരത്തോളം അനാഥര്‍ക്ക് തണലായി. ബന്ധുക്കള്‍ ഉപേക്ഷിച്ച ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ സിന്ധുതായ് സപ്കല്‍ അമ്മയാണ്. നാൽപ്പത്തിയഞ്ച് വര്‍ഷത്തിനിടെ 1500-ലധികം അനാഥ കുട്ടികളെയാണ് ഇവർ ദത്തെടുത്ത് വളര്‍ത്തിയത്.

മഹാരാഷ്ട്രാ സർക്കാരിന്‍റെ അഹില്യാബായി ഹോൾക്കർ പുരസ്ക്കാരമടക്കം 270-ലേറെ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഇവരുടെ ജീവിതത്തെ ആധാരമാക്കി 2010-ൽ മീ സിന്ധുതായി സപ്കാൽ (ഞാൻ സിന്ധുതായി സപ്കാൽ) എന്ന മറാഠി ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.