സി​ൽ​വ​ർ​ലൈ​ൻ; സ​ർ​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​രെ മ​റ​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

11:38 AM Jan 04, 2022 | Deepika.com
തിരുവനന്തപുരം: സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാധാരണക്കാരെ സര്‍ക്കാര്‍ മറന്നുവെന്നും വരേണ്യ വിഭാഗത്തെ വിളിച്ചാണ് ചര്‍ച്ച നടത്തുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വിളിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ബിസിനസുകാരെ മാത്രമാണ്. സ്ഥലം നഷ്ടപ്പെടുന്ന പാവങ്ങളുമായി യുഡിഎഫ് ചര്‍ച്ച നടത്തും. നിയമസഭയില്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ച നടത്താന്‍ സമയമില്ലാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖന്‍മാരുമായി ചര്‍ച്ച നടത്തുന്നതെന്നും സതീശൻ വിമർശിച്ചു.

അതേസമയം, സംസ്ഥാനത്തെ പോലീസ് സേനയെയും സതീശന്‍ രൂക്ഷമായി കുറ്റപ്പെടുത്തി. പോലീസ് പ്രതിക്കൂട്ടിലാകുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ തമാശയായി മാറുന്നുവെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു.

പോലീസിനെ രാഷ്ട്രീയവല്‍കരിച്ചതിന്‍റെ ദുരന്തഫലമാണ് ഇപ്പോള്‍ കാണുന്നത്. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നു. സര്‍ക്കാരിന് നിയന്ത്രണം നഷ്ടമായി. പോലീസില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നുവെന്നും സതീശൻ പറഞ്ഞു.