മരിയൻ കോളജ് തയാറാക്കിയ പുസ്തകം ഉപരാഷ്‌ട്രപതി പ്രകാശനം ചെയ്തു

02:51 PM Jan 03, 2022 | Deepika.com
കൊച്ചി: കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസം - ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പരീക്ഷണങ്ങൾ (Outcome Based Education - Experiments of a Higher Education Institution) എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു നിർവഹിച്ചു.

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ഇത്തരമൊരു പ്രവർത്തനത്തിന് മുൻകൈയെടുത്ത കോളജിനെയും ബന്ധപ്പെട്ടവരെയും അദ്ദേഹം അഭിനന്ദിച്ചു. "ഫലാധിഷ്ഠിത വിദ്യാഭ്യാസത്തെ മുൻനിർത്തിയുള്ള നവീനമായ പാഠ്യപദ്ധതിയും ബോധനവിദ്യയും മൂല്യനിർണയ രീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. മരിയൻ കോളജിന്‍റെ ഈ ഉദ്യമത്തെ ഹൃദ്യമായി അഭിനന്ദിക്കുന്നു.'- അദ്ദേഹം പറഞ്ഞു.

എറണാകുളത്തു സർക്യൂട്ട് ഹൗസിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിനു പ്രിൻസിപ്പൽ ഡോ. റോയി അബ്രാഹം സ്വാഗതം ആശംസിച്ചു. മഹാത്‌മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ പുസ്തകം ഉപരാഷ്‌ട്രപതിക്കു കൈമാറി. എഡിറ്ററും അസോസിയേറ്റ് പ്രഫസറുമായ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ പുസ്തകത്തെക്കുറിച്ച് വിശദീകരിച്ചു.

കോളജ് ഗവേണിംഗ് ബോർഡ് അംഗം കൂടിയായ ഡോ.സി.വി. ആനന്ദ ബോസ് ഐഎഎസ് ഉപരാഷ്‌ട്രപതിക്കു കോളജിന്‍റെ ഉപഹാരമായി മനോഹരമായ ആറന്മുള കണ്ണാടി സമ്മാനിച്ചു. മാനേജർ ഫാ.ബോബി അലക്സ് മണ്ണംപ്ലക്കൽ, ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ഡോ.ബിനു തോമസ്, ഫാ. സോബി തോമസ് കന്നാലിൽ എന്നിവർ പ്രസംഗിച്ചു.

നമ്മുടെ രാജ്യത്തു നിന്ന് ആയിരക്കണക്കിന് എൻജിനിയർമാർ, ജോലി തേടി വിദേശത്തേയ്ക്കു പോയിരുന്ന സാഹചര്യമാണ് ഫലാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ആവശ്യത്തെക്കുറിച്ചു ചർച്ചകളും പഠനവും ഇന്ത്യയിൽ നടക്കാൻ കാരണമായത്.

കുട്ടിക്കാനം മരിയൻ കോളജ് ഓട്ടോണമസിൽ പ്രിൻസിപ്പൽ ഡോ. റോയി അബ്രാഹമിന്‍റെ നേതൃത്വത്തിൽ അതു പ്രായോഗികമാക്കാനുളള ഊർജിത പരിശ്രമങ്ങൾ ആരംഭിച്ചു. തുടർന്നാണ് ആ അനുഭവങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഈ പുസ്തകം തയാറാക്കുന്നത്.

10 പഠന മേഖലകളെ അടിസ്ഥാനമാക്കിയുള്ള 38 ലേഖനങ്ങളും മരിയൻ കോളജിലെ വിദ്യാർഥിയായ ജോജിൻ ജോജോ വരച്ച 22 കാർട്ടൂണുകളും കോഫി ടേബിൾ ബുക്ക് രൂപത്തിൽ തയാറാക്കിയിരിക്കുന്ന 204 പേജുള്ള പുസ്തകത്തിലുണ്ട്.

ഡിജിറ്റൽ, ഓഡിയോ എന്നിങ്ങനെ ത്രിവിധത്തിൽ തയാറാക്കിയിരിക്കുന്ന പുസ്തകത്തിന്‍റെ ഡിജിറ്റൽ, ഓഡിയോ കോപ്പികൾ തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, ഡോ. ബിനു തോമസ് എന്നിവരാണ് എഡിറ്റർമാർ.

ഫലാധിഷ്ഠിത വിദ്യാഭ്യാസം വിദ്യാർഥീകേന്ദ്രീകൃതമാണ്. എന്ത്‌ ലക്ഷ്യം നേടാനാണ് പഠിക്കുന്നതെന്ന് വിദ്യാർഥികൾക്കും പഠിപ്പിക്കുന്നതെന്ന് അധ്യാപകർക്കും പൂർണ വ്യക്തതയുളള പാഠ്യ രീതികളാണ് ഫലാധിഷ്ഠിത വിദ്യാഭ്യാസത്തിൽ സ്വീകരിക്കുന്നത്. പൂർണമായും അളക്കാൻ സാധിക്കുന്ന പഠന ലക്ഷ്യങ്ങളാണ് തീരുമാനിക്കപ്പെടുന്നത്. പഠന പ്രക്രിയയ്ക്കൊടുവിൽ അതു നേടുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.