ട്രെയിനിലെ മർദനം; യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്ന് എഎസ്ഐയുടെ മൊഴി

02:18 PM Jan 03, 2022 | Deepika.com
കണ്ണൂരില്‍ മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എഎസ്‌ഐ എം.സി. പ്രമോദിന്‍റെ മൊഴിയെടുത്തു. യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്നാണ് ഇടപെട്ടതെന്നും യാത്രക്കാരനെ മര്‍ദിച്ചില്ലെന്നുമാണ് പ്രമോദ് മൊഴി നല്‍കിയത്.

യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നു. വിളിച്ചപ്പോള്‍ വരാന്‍ തയാറായില്ല. അതിനാല്‍ കാല് കൊണ്ട് നീക്കിയിടുകയാണ് ചെയ്തതെന്നും പ്രമോദ് പറഞ്ഞു. സ്‌പെഷല്‍ ബ്രാഞ്ച് എസിപിയാണ് മൊഴിയെടുത്തത്.

അതേസമയം, മര്‍ദനമേറ്റ യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നുവെന്നു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരി പറഞ്ഞു. ഇയാള്‍ മാഹിയില്‍നിന്നുമാണ് കയറിയത്. കാല്‍ കാണാവുന്ന നിലയില്‍ മുണ്ട് മാറ്റിയെന്നും ഇവര്‍ പറഞ്ഞു.

യാത്രക്കാരന്‍ മദ്യപിച്ചിരുന്നുവെന്നാണ് പാലക്കാട് റെയില്‍വേ ഡിവൈഎസ്പിയുടെ വാദം. ഇതുസംബന്ധിച്ചു യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നുവെന്നുമാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

എന്നാല്‍, യാത്രക്കാരനെ ചവിട്ടിയതു തെറ്റാണെന്നാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിലപാട്. മനുഷ്യാവകാശ ലംഘനം നടന്നെന്നു പ്രാഥമികമായി കണ്ടെത്തി. കടുത്ത നടപടി ശിപാര്‍ശ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.