കെ റെയിലില്‍ സമവായത്തിന് മുഖ്യമന്ത്രി; പോലീസുമായി ബന്ധപ്പെട്ട പരാതികളിലും ഇടപെടുന്നു

12:15 PM Jan 03, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ കെ റെയില്‍ പദ്ധതിയിലും പോലീസ് സേനയ്‌ക്കെതിരെയുണ്ടാകുന്ന വ്യാപകമായ പരാതികളിലും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.

കെ റെയില്‍ പദ്ധതിയില്‍ ചര്‍ച്ചയിലൂടെയുള്ള സമവായത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

കൂടാതെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മാധ്യമസ്ഥാപന മേധാവിമാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ഈ മാസം 25നാണ് യോഗം നടക്കുന്നത്.

കെ റെയില്‍ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ടോയെന്ന് കണ്ടെത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

അതേസമയം, സംസ്ഥാനത്ത് പോലീസ് സേനയ്‌ക്കെതിരെ വ്യപക പരാതി ഉയരുന്ന സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ക്ലിഫ് ഹൗസില്‍ വച്ചാണ് യോഗം നടക്കുക.

ഡിജിപി അനില്‍കാന്ത്, എഡിജിപി മനോജ് എബ്രാഹം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

അടുത്തിടെ വിഴിഞ്ഞത്ത് മദ്യം വാങ്ങിയെത്തിയ വിദേശിയെ തടഞ്ഞതും ഞായറാഴ്ച രാത്രി കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിച്ചതുമെല്ലാം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്.