കൊച്ചി: ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡി ലിറ്റ് നല്‍കണമെന്ന് വിസിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടത്. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ വിസിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്.
അതിന് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമപരമായ വഴി തേടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് എന്ത് കൊള്ളരുതായ്മ കാണിച്ചാലും മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെട്ടുത്തി. പോലീസ് അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റപ്പെട്ട സംഭവമെന്നാണെന്ന് സര്‍ക്കാര്‍ പറയുന്നത്. പോലീസിനെതിരെ വ്യാപകമായി ഗുരുതര ആക്ഷേപങ്ങളാണ് ഉയരുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഗവര്‍ണര്‍ വിമര്‍ശനാതീതനല്ലെന്ന് വി.ഡി. സതീശന്
07:49 PM Jan 02, 2022 | Deepika.com