ഹരിദ്വാർ വിദ്വേഷ പ്രസംഗം: മുൻ സേനാ മേധാവികൾ രാഷ്‌ട്രപതിക്കു കത്തയച്ചു

01:00 PM Jan 01, 2022 | Deepika.com
ന്യൂഡൽഹി: ഹരിദ്വാറിൽ നടന്ന സമ്മേളനത്തിലെ വിവാദ പരാമർശത്തിനെതിരേ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും പൗരപ്രമുഖരുടെ കത്ത്. ഇന്ത്യൻ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന രീതിയിൽ ആഹ്വാനം ഉണ്ടായതു ഞെട്ടിക്കുന്നതാണെന്നു അഞ്ചു മുൻ സായുധ സേനാ മേധാവികളും വിമുക്തഭടന്മാരും ഉദ്യോഗസ്ഥരും പൗരപ്രമുഖരും ഉൾപ്പെടെ നൂറിലധികം പേർ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച കത്തിൽ പറ‍യുന്നു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡൽഹിയിലും അടുത്തിടെ നടന്ന വിവിധ പരിപാടികൾ ക്രൈസ്തവർ, ദലിതുകൾ, സിക്കുകാർ തുടങ്ങിയ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതായും കത്തിൽ പരാമർശിക്കുന്നു.

ഇത്തരം അക്രമ ആഹ്വാനങ്ങൾ ആന്തരികമായി പൊരുത്തക്കേടുണ്ടാക്കുമെന്നും ബാഹ്യശക്തികളെ ധൈര്യപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ട് നമ്മുടെ അതിർത്തിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്.

"രാജ്യത്തിനകത്തെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും ലംഘനം ശത്രുതാപരമായ ബാഹ്യശക്തികളെ ധൈര്യപ്പെടുത്തും. നമ്മുടെ സേനയുടെയും ജനങ്ങളുടെയും ഐക്യത്തിനെയും കെട്ടുറപ്പിനെയും ഇത്തരം ആഹ്വാനങ്ങൾ അനുവദിക്കുന്നതു ഗുരുതരമായി ബാധിക്കും.

മുസ്‌ലിംകൾക്കെതിരായ അക്രമത്തിനു നേരിട്ട് ആഹ്വാനംചെയ്ത ഹരിദ്വാറിലെ "ധർമ സൻസദിനെ" നേരിട്ടു പരാമർശിച്ചുകൊണ്ട് കത്തിൽ പറ‍യുന്നു-, "ഹിന്ദുക്കളുടെ ധർമ സൻസദ് എന്നു വിളിക്കപ്പെടുന്ന മൂന്നു ദിവസത്തെ മതസമ്മേളനത്തിൽ നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കം ഞങ്ങളെ ഗുരുതരമായി അസ്വസ്ഥരാക്കുന്നു.

2021 ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ നടന്ന സന്യാസിമാരും മറ്റ് നേതാക്കളും ഉണ്ടായിരുന്നു. ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനും ആവശ്യമെങ്കിൽ ആയുധമെടുക്കാനും ഹിന്ദുമതത്തെ സംരക്ഷിക്കാനെന്ന പേരിൽ ഇന്ത്യയിലെ മുസ്‌ലിംകളെ കൊല്ലാനും ആവർത്തിച്ചുള്ള ആഹ്വാനങ്ങളുണ്ടായിരുന്നു'- കത്തിൽ പറയുന്നു.

ആവശ്യമെങ്കിൽ യുദ്ധം ചെയ്തും കൊലപ്പെടുത്തിയും ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്തു ധാരാളം ആളുകൾ ഡൽഹിയിൽ ഒത്തുകൂടി പരസ്യമായി പ്രതിജ്ഞയെടുക്കുന്ന സംഭവവും കത്തിൽ പരാമർശിക്കുന്നുണ്ട്.

ഇതിനെതിരേ നടപടിയുണ്ടായില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും വ്യാപകമായി സംഘടിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് ആഭ്യന്തര സുരക്ഷയുടെ ഗുരുതരമായ ലംഘനങ്ങൾ മാത്രമല്ല, നമ്മുടെ രാജ്യത്തിന്‍റെ സാമൂഹിക ഘടനയെ കീറിമുറിക്കും.

ഒരു പ്രസംഗകൻ സൈന്യത്തോടും പോലീസിനോടും ആഹ്വാനം ചെയ്തു, ആയുധങ്ങളുമായി ശുചീകരണ യജ്ഞത്തിൽ (സഫായി അഭിയാൻ) പങ്കാളിയാകാൻ. ഇതു നമ്മുടെ സ്വന്തം പൗരന്മാരുടെ വംശഹത്യയിൽ പങ്കെടുക്കാൻ സൈന്യത്തോട് ആവശ്യപ്പെടുന്നതിനു തുല്യമാണ്, ഇത് അപലപനീയവും അസ്വീകാര്യവുമാണ് - കത്തിൽ പറയുന്നു.

അക്രമത്തിലേക്കുള്ള ആഹ്വാനങ്ങൾക്കെതിരേ സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിലെ എഴുപത്തിയാറ് അഭിഭാഷകരും ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്കു കത്തെഴുതിയിരുന്നു.