ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യൻ യുവനിര കപ്പടിച്ചത്.
102 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 21.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റണ്‍സെടുത്തു. അംഗൃഷ് രഘുവൻഷിയുടെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ കപ്പടിച്ചത്. 67 പന്തിൽ 56 റണ്‍സെടുത്ത് അംഗൃഷ് പുറത്താകാതെ നിന്നു. അംഗൃഷിന് ഷെയ്ഖ് റഷീദ് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ ജയം അനായാസമായി. 49 പന്തിൽ 31 റണ്‍സാണ് റഷീദ് അടിച്ചു കൂട്ടിയത്. അഞ്ച് റണ്‍സെടുത്ത ഹർനൂർ സിംഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 106 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. 26 പന്തിൽ 19 റണ്‍സ് നേടിയ യാസിരു റോഡ്രിഗോയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. യാസിരുവിന് പുറമേ സദിഷ രാജപക്സെ (14), രവീണ് ഡി സിൽവ (15), മതീശ പതിരണ ((14) എന്നിവർക്ക് മാത്രമേ ശ്രീലങ്കൻ നിരയിൽ രണ്ടക്കം കാണാൻ സാധിച്ചുള്ളു.
ഇന്ത്യയ്ക്കായി വിക്കി ഒസ്റ്റ്വാൾ മൂന്ന് വിക്കറ്റും കൗശൽ താംബെ രണ്ട് വിക്കറ്റും വീഴ്ത്തി. ഡിഎൽഎസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 102 റണ്‍സായി ചുരുക്കിയിരുന്നു.
ഏഷ്യ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ
06:39 PM Dec 31, 2021 | Deepika.com