ഐസിഎഐ ഭവന് ഉപരാഷ്‌ട്രപതി ശിലയിടും, ദേശീയ സമ്മേളനം കൊച്ചിയിൽ

03:02 PM Dec 31, 2021 | Deepika.com
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ എറണാകുളം ബ്രാഞ്ച് ഐസിഎഐ ഭവന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ശിലാസ്ഥാപനം നടത്തും. ജനുവരി മൂന്നിനു വൈകിട്ട് നാലിനു ഗ്രാന്‍റ് ഹയാത്ത് ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് ശിലാസ്ഥാപന ചടങ്ങ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന വ്യവസായ- നിയമമന്ത്രി പി രാജീവ് എന്നിവരും പ്രസംഗിക്കും.

ഐസിഎഐ പ്രസിഡന്‍റ് നിഹാര്‍ ജംബുസാരിയ, വൈസ് പ്രസിഡന്‍റ് ദെബാശിഷ് മിത്ര, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റും എംപിയുമായ തോമസ് ചാഴിക്കാടന്‍, ഹൈബി ഈഡന്‍ എംപി, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്സ് ഇന്ത്യയുടെ പ്രഫഷണല്‍ ഡവലപ്‌മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ബാബു എബ്രഹാം കള്ളിവയലില്‍, എറണാകുളം ശാഖാ ഐസിഎഐ ചെയര്‍മാന്‍ രഞ്ജിത് വാര്യര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും.

വൈകുന്നേരം ഏഴിന് ബോള്‍ഗാട്ടി പാലസ് ആൻഡ് ഐലന്‍റ് റിസോര്‍ട്ടില്‍ നടക്കുന്ന സാംസ്കാരിക സായാഹ്നത്തില്‍ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും.
ജനുവരി മൂന്ന്, നാല് തീയതികളില്‍ ഗ്രാന്‍റ് ഹയാത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്മാരുടെ ദേശീയ സമ്മേളനവും നടക്കും.

മൂന്നിന് രാവിലെ ഒന്‍പതിന് ആരംഭിക്കും. ന്യൂഡല്‍ഹി ഐസി എഐ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ എം.പി. വിജയകുമാര്‍, ഐസിഎ ഐ മുന്‍ പ്രസിഡന്‍റ്മാരായ കെ രഘു, മനോജ് ഫഡ്‌നിസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിക്കും,

ഐ‌സിഎഐ മുന്‍ പ്രസിഡന്‍റ് സുബോദ് കുമാര്‍ അഗര്‍വാള്‍, ബംഗളൂരുവില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാരായ ജിതിന്‍ ക്രിസ്റ്റഫര്‍, ഗുരുരാജ് ആചാര്യ, ഹൈദരബാദില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് ഗണേഷ് ബാലകൃഷ്ണന്‍ എന്നിവര്‍ ചരക്കു സേവന നികുതി നിയമം, പ്രത്യക്ഷ നികുതി നിയമത്തിലെ സമകാലിന മാറ്റങ്ങള്‍, കമ്പനി നിയമങ്ങളിലെ മാറ്റങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

2021 സെപ്റ്റംബര്‍ 15-നാണ് 14 കോടി രൂപയോളം മുടക്കി എറണാകുളത്തിന്‍റെ ഹൃദയ ഭാഗമായ ചിറ്റൂര്‍ റോഡിന് അഭിമുഖമായി 45 സെന്‍റ് സ്ഥലം വാങ്ങിയത്. ഏകദേശം ഏഴരക്കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

കേരളത്തിലങ്ങളോമിങ്ങോളമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാര്‍ക്കും സിഎ വിദ്യാര്‍ഥികള്‍ക്കും പുറമേ വ്യാപാര വ്യവസായ മേഖലയിലുള്ള എല്ലാവര്‍ക്കുമുള്ള ജ്ഞാനകേന്ദ്രമായി ഇതു രൂപപ്പെടുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്സ് ഇന്ത്യയുടെ പ്രഫഷണല്‍ ഡവലപ്‌മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്രഹാം കള്ളിവയലില്‍, എറണാകുളം ശാഖാ ഐ സിഎഐ ചെയര്‍മാന്‍ രഞ്ജിത് വാര്യര്‍, ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ അംഗം ജോമോന്‍ കെ ജോർജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1967 ഡിസംബര്‍ ഒന്നിനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ രൂപീകൃതമായത്. ഇന്‍സ്റ്റിറ്റ്യൂട്ടിനു കേരളത്തില്‍ ഒന്‍പത് ശാഖകളാണുള്ളത്.

എറണാകുളം, ഇടുക്കി ജില്ലകളിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാര്‍ ഉള്‍പ്പെടുന്നതാണ് എറണാകുളം ശാഖ. രണ്ടായിരത്തിയഞ്ഞൂറിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും ഒന്‍പതിനായിരത്തോളം സിഎ വിദ്യാര്‍ഥികളുമാണ് എറണാകുളം ശാഖയുടെ കീഴിലുള്ളത്. കേരളത്തില്‍ ഏറ്റവും വലിയ ശാഖയും ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലിയ ശാഖയുമാണ് എറണാകുളം.

രാജ്യത്തൊട്ടാകെ ശാഖാ തലത്തില്‍ ആദ്യമായി കെട്ടിടം സ്വന്തമാക്കിയതെന്ന ഖ്യാതി എറണാകുളത്തിനുണ്ട്. നിലവില്‍ എറണാകുളം ശാഖയുടെ ഓഫിസ് ദിവാന്‍സ് റോഡിലാണ് പ്രവര്‍ത്തിക്കുന്നത്.