കൊച്ചി: അഞ്ചുദിവസത്തെ കേരള-ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നു രാവിലെ കൊച്ചിയിലെത്തി. രാവിലെ 10.05ന് നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹം 10.15ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ടു.
ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ കടമത്ത്, ആന്ത്രോത്ത് ദ്വീപുകളിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ജനുവരി രണ്ടിന് ലക്ഷദ്വീപില്‍നിന്നു മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി രാവിലെ 11.25ന് കൊച്ചി കപ്പല്‍ശാലയില്‍, ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും.
വൈകുന്നേരം നാലിന് കൊച്ചി കാക്കനാട്ടുള്ള ഡിആര്‍ഡിഒയുടെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എന്‍പിഒഎല്‍) സന്ദര്‍ശിക്കുകയും ടോഡ് എറെയ് ഇന്റഗ്രേഷന്‍ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്യും.
മൂന്നിന് കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി രാവിലെ 10ന് മാന്നാനത്ത് സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ 150 ചരമവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയാകും.
ഉച്ചയോടെ കൊച്ചിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം കൊച്ചിയിലെ സര്‍ക്യൂട്ട് ഹൗസില്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് ഹോട്ടല്‍ ഗ്രാൻഡ് ഹയാത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പരിപാടിയിലും പങ്കെടുക്കും. നാലിന് രാവിലെ 7.10ന് കൊച്ചിയില്‍നിന്നു നാഗ്പുരിലേക്ക് യാത്രയാകും.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി
01:48 PM Dec 31, 2021 | Deepika.com