പെൺകുട്ടിയുടെ തിരോധാനത്തിനു പിന്നില്‍ പ്രാകൃത വിശ്വാസമോ?

12:35 PM Dec 31, 2021 | Deepika.com
ബംഗളൂരു; ബംഗളൂരുവില്‍ പതിനേഴുകാരിയെ കാണാതായതിനു പിന്നില്‍ പ്രാകൃതമായ വിശ്വാസവും അനുഷ്ഠാനവുമെന്നു സൂചന. ബംഗളൂരു സ്വദേശി അഭിഷേകിന്‍റെ മകള്‍ അനുഷ്കയെ രണ്ടു മാസം മുമ്പാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

ഇതുവരെ പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ചില സംഘങ്ങൾ വച്ചു പുലർത്തുന്ന ഷാമനിസം എന്ന അനുഷ്ഠാനത്തിന്‍റെ സ്വാധീനത്തില്‍പ്പെട്ടു പെണ്‍കുട്ടി വീടു വിട്ടുപോയതാണോയെന്ന സംശയമാണ് ഇപ്പോള്‍ മാതാപിതാക്കള്‍ ഉയര്‍ത്തുന്നത്.

കാണാതാകുന്ന സമയത്ത് രണ്ടു ജോടി വസ്ത്രങ്ങളും 250 രൂപയും മാത്രമാണ് പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്നതെന്നു മാതാപിതാക്കള്‍ പറയുന്നു. പോലീസ് അന്വേഷണത്തില്‍ ഇതുവരെ തുമ്പൊന്നും ലഭിക്കാത്തതിനാല്‍ മകളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു കാത്തിരിക്കുകയാണ് അഭിഷേകും കുടുംബവും. പുരാതന ആരാധനാ സമ്പ്രദായങ്ങളിലൊന്നായ ഷാമനിസത്തില്‍ അകപ്പെട്ടാണ് പെണ്‍കുട്ടി പോയതെന്നാണ് കുടുംബം കരുതുന്നത്.

ആത്മാക്കളുമായി ബന്ധപ്പെട്ട അനുഷ്ഠാന രീതിയിലാണ് ഷാമനിസം. പന്ത്രണ്ടാം ക്ലാസ് പഠനം കഴിഞ്ഞതിനു പിന്നാലാണ് എങ്ങനെയോ ഇങ്ങനെയുള്ള ആരാധന വച്ചുപുലര്‍ത്തുന്ന ആരോവഴി അനുഷ്ടകയും ഇതിലേക്ക് ആകൃഷ്ടയായത്. തുടര്‍ന്ന് മകള്‍ ഇതിന്‍റെ പിറകെ ആയിരുന്നെന്നു മാതാപിതാക്കള്‍ പറയുന്നു.

ഇന്‍റര്‍നെറ്റിലും മറ്റു സ്ഥലങ്ങളിലുമെല്ലാം ഷാമനസിത്തിന്‍റെ വിവരങ്ങള്‍ തെരയലായിരുന്നു അവളുടെ ജോലി. തനിക്ക് ഇത് ഇഷ്ടമാണെന്നും ഇതു പിന്തുടരാന്‍ പോവുകയാണെന്നും മാതാപിതാക്കളോടും അവള്‍ ഇടയ്ക്കിടെ പറയുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മകളുടെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയതോടെ മാതാപിതാക്കള്‍ അപകടം മണത്തു.

അവള്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. മാതാപിതാക്കളുമായുള്ള ഇടപഴകലുകള്‍ കുറച്ചു. ഇതോടെ മകളെ മാതാപിതാക്കള്‍ ഒരു കൗണ്‍സലറുടെ പക്കല്‍ എത്തിച്ചു. കൗണ്‍സലിംഗ് നല്‍കിയിട്ടും ഈ കുടുക്കില്‍നിന്നു പുറത്തുവരാന്‍ അവള്‍ക്കു കഴിഞ്ഞില്ല.

മാതാപിതാക്കള്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു തോന്നിയതുകൊണ്ടാവണം പിന്നീട് അവരോടു തീര്‍ത്തും സംസാരിക്കാതെയായി. വീട്ടിലെ കാര്യങ്ങളില്‍ ഒന്നിലും ഇടപെടാതെ വന്ന പെണ്‍കുട്ടി തന്‍റെ സ്വന്തം ലോകത്തിലേക്ക് ഒതുങ്ങി. ഏതാനും ആഴ്ചകള്‍ പിന്നിട്ടതോടെ ഒക്ടോബര്‍ 31ന് മകളെ വീട്ടില്‍നിന്നു കാണാതായി.

ഇങ്ങനെയുള്ള വിശ്വാസം വച്ചുപുലര്‍ത്തുന്ന ഏതെങ്കിലും ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍പ്പെട്ട് അവര്‍ക്കൊപ്പമായിരിക്കണം അനുഷ്‌ക പോയതെന്നാണ് മാതാപിതാക്കള്‍ കരുതുന്നത്. പുറത്തുനിന്ന് ആരുടയെങ്കിലും സഹായം ലഭിക്കാതെ 250 രൂപ മാത്രം കൈവശമുണ്ടായിരുന്ന പെണ്‍കുട്ടി പോകില്ലെന്നും അവര്‍ പറയുന്നു. അതേസമയം, തങ്ങള്‍ അന്വേഷണം തുടരുകയാണെന്നാണ് ബംഗളൂരു നോര്‍ത്ത് ഡിസിപി വിനായക് പാട്ടീല്‍ പറയുന്നത്.

ഇതുവരെ കാര്യമായ സൂചനയൊന്നും കിട്ടിയിട്ടില്ലെങ്കിലും തങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നു പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ അറിയാന്‍ ഇതിനകം നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പെണ്‍കുട്ടിയുടെ ഓണ്‍ലൈന്‍ ബന്ധങ്ങളുടെ സാധ്യതകളാണ് ഇപ്പോള്‍ പരിശോധിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.