ഷാർജാ: ഏഷ്യാ കപ്പ് അണ്ടർ 19 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-ശ്രീലങ്ക പോരാട്ടം. ബംഗ്ലാദേശിനെ 103 റണ്‍സിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. പാക്കിസ്ഥാനെ 22 റണ്‍സിന് കീഴടക്കിയാണ് ശ്രീലങ്ക ഫൈനലിന് ടിക്കറ്റ് എടുത്തത്.
ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 243 റണ്‍സെടുത്തു. 108 പന്തിൽ പുറത്താകാതെ 90 റണ്‍സ് നേടിയ ഷെയ്ഖ് റഷീദാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഇന്ത്യൻ നായകൻ യാഷ് ദുൾ 26 റണ്‍സും രാജ് ബവ 23 റണ്‍സും നേടി. വിക്കി ഓസ്റ്റ്വാൾ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 38.2 ഓവറിൽ 140 റണ്‍സിന് ഓൾഔട്ടായി. 77 പന്തിൽ 42 റണ്‍സെടുത്ത അരീഫുൾ ഇസ്ലാമിന് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചു നിൽക്കാനായത്. അരീഫുൾ ഇസ്ലാമിന് പുറമേ നാല് പേർ മാത്രമാണ് രണ്ടക്കം കണ്ടത്.
ഇന്ത്യയ്ക്കായി രാജ്വർദ്ധൻ ഹംഗാർഗേക്കർ, രവി കുമാർ, രാജ് ബവ, വിക്കി ഓസ്റ്റ്വാൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ-ശ്രീലങ്ക പോരാട്ടം
07:53 PM Dec 30, 2021 | Deepika.com