സീരിയൽ സംവിധായകൻ സിബി യോഗ്യാവീടൻ അന്തരിച്ചു

07:39 PM Dec 30, 2021 | Deepika.com
മുഹമ്മ (ആലപ്പുഴ): പ്രമുഖ സീരിയൽ സംവിധായകൻ സിബി യോഗ്യാവീടൻ (61) അന്തരിച്ചു. ശാലോം ടിവി മുൻ ചീഫ് പ്രൊഡ്യൂസർ ആണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുഹമ്മ സെന്‍റ് ജോർജ് പള്ളിയിൽ നടക്കും.

ക്രിസ്ത്യൻ സീരിയൽ രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സിബി യോഗ്യാവീടൻ. വിശുദ്ധ അൽഫോൻസാമ്മ, എവുപ്രാസ്യമ്മ, മറിയം ത്രേസ്യ തുടങ്ങിയ ജനപ്രിയ ക്രിസ്ത്യൻ സീരിയലുകളുടെ സംവിധായകനായിരുന്നു.

പതിനാറു വർഷത്തോളം ശാലോം ടിവിയിൽ പ്രവർത്തിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിലായിരുന്നു. ഇന്നു രാവിലെ പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിശുദ്ധ അൽഫോൻസാമ്മ, എവുപ്രാസ്യമ്മ തുടങ്ങിയ സീരിയലുകൾക്ക് സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം നേടിയിരുന്നു.

ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് ആണ്. രണ്ട് അന്തർദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സിനിമ മേഖലയിൽ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ക്രൈസ്തവ മാധ്യമരംഗത്തേക്കു അദ്ദേഹം കടന്നുവന്നത്.

മുഹമ്മ യോഗ്യവീട്ടിൽ പരേതനായ സി.ചാണ്ടിയുടെയും ആനിമ്മയുടെയും പുത്രനാണ്. ഭാര്യ: റാണി സിബി തത്തംപള്ളി ചെവ്വുന്പുറം കുടുംബാംഗം. മക്കൾ: ചാണ്ടി നാനാർ (ശാലോം വേൾഡ്), അന്ന സിബി. മരുമകൾ: ജിംസ അന്ന സിബി.

പരേതനായ ജോസഫ് ചാണ്ടി, സോഫി ജോസഫ് പള്ളത്തുശേരി, ആൻസമ്മ ജയിംസ് കിഴക്കേടം, ചേച്ചമ്മ അലക്സ് പുത്തൻ പുരയ്ക്കൽ, ലാലി വർഗീസ് കളത്തിൽ പറന്പിൽ, അലക്സ് ചാണ്ടി (ആലുവ), ബെന്നി യോഗ്യാവീട് (കോട്ടയം), പ്രിൻസ് പോൾ യോഗ്യവീട് (ഒാസ്ട്രേലിയ) എന്നിവർ സഹോദരങ്ങളാണ്.