തിരുവനന്തപുരം: പാർട്ടിയെ മറന്ന് ശശി തരൂർ അഭിപ്രായം പറയരുതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണ്. പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ലെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. തരൂര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവും എംപിയുമായതിനാല് കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, കേരള സർക്കാരിനെ പുകഴ്ത്തി ശശി തരൂർ വീണ്ടും രംഗത്തെത്തി. സദ്ഭരണം എന്താണെന്നറിയാൻ ഉത്തര്‍പ്രദേശ് കേരളത്തെ കണ്ടു പഠിക്കണമെന്നാണ് ശശി തരൂർ പറഞ്ഞത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമതെത്തിയതു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
പാർട്ടിയെ മറന്ന് തരൂർ അഭിപ്രായം പറയരുത്: മുല്ലപ്പള്ളി
12:13 PM Dec 28, 2021 | Deepika.com