കൊല്ലം: മദ്യം നൽകാത്തതിന്റെ പേരിൽ കൊല്ലത്ത് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. കൊല്ലം കോട്ടുക്കൽ സ്വദേശി വിപിന്റെ നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ യുവാവിന്റെ കണ്ണിന് പൊള്ളലേറ്റു.
വിപിനും മറ്റൊരു സുഹൃത്തും കൂടി ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന കോട്ടുക്കൽ ഉദയകുമാർ എന്ന യുവാവ് തനിക്കും മദ്യം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മദ്യം നൽകാൻ വിപിനും സുഹൃത്തും തയാറായില്ല.
ഇതോടെ വീട്ടിലേക്ക് തിരിച്ചുപോയ ടാപ്പിംഗ് തൊഴിലാളിയായ ഉദയകുമാർ ഒരു ചെറിയ കുപ്പിയിൽ ആസിഡുമായി തിരിച്ചു വരികയും കൈയിലുണ്ടായിരുന്ന ആസിഡ് വിപിന്റെ മുഖത്ത് ഒഴിക്കുകയുമായിരുന്നു.
വിപിന്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കണ്ണിന്റെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഉദയനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലത്ത് മദ്യം നല്‍കാത്തതിന്റെ പേരില്‍ ആസിഡ് ആക്രമണം
02:28 AM Dec 28, 2021 | Deepika.com