ഡ്രൈവിംഗ് ലൈസന്‍സ്: വ്യവസ്ഥകളില്‍ മാറ്റം വരുത്തി കുവൈത്ത്

04:37 AM Dec 26, 2021 | Deepika.com
കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ലൈസൻസ് പുതുക്കുന്നതിനുള്ള ട്രാഫിക് നിയമത്തിലെ 81/76 പ്രമേയത്തിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അൽ അലി അൽ സബാഹ് ഔദ്യോഗിക ഉത്തരവിറക്കി.

ഇതുപ്രകാരം ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന്‍റെ 30 ദിവസത്തിനകം പുതുക്കുന്നതിനായി അപേക്ഷിക്കാം. അല്ലെങ്കിൽ പൊതുതാൽപ്പര്യപ്രകാരം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് നിശ്ചയിക്കുന്ന സമയപരിധിക്കുള്ളില്‍ പ്രത്യേക ഫോമിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖ, താമസ രേഖ തുടങ്ങിയവയും നിശ്ചിത തുക ഫീ ആയും നല്‍കേണ്ടതുണ്ട്.

ട്രാഫിക് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് അപേക്ഷകന് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ പിഴ അടച്ചതിന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ഇതോടൊപ്പം നല്‍കണം. രാജ്യത്തെ പൗരന്‍മാരല്ലാത്തവര്‍ താമസ രേഖയുടെ തെളിവുകൂടി ഇതോടൊപ്പം ഹാജരാക്കണം.