പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ചെന്നൈയിൻ എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊന്പൻമാരുടെ ജയം.
മത്സരത്തിന്റെ തുടക്കം മുതൽ ചെന്നൈയെ കടന്നാക്രമിക്കാൻ ശ്രമിച്ച കേരളം ഒൻപതാം മിനിറ്റിൽ തന്നെ ചെന്നൈയ്ക്കുമേൽ ആധിപത്യം നേടി. പെരേര ഡയസിലൂടെ കേരളം ആദ്യ ഗോൾ നേടി. പിന്നാലെ 38-ാം മിനിറ്റിൽ ചെന്നൈയിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡുയർത്തി. മലയാളി താരം അബ്ദുൾ സഹൽ സമദാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി വലകുലുക്കിയത്.
രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങൾ ചെന്നൈയിൻ കൊണ്ടുവന്നു. എങ്കിലും കേരളത്തിന്റെ മുന്നേറ്റം തടയാൻ ചെന്നൈയ്ക്കായില്ല. 79-ാം മിനിറ്റിൽ ചെന്നൈയെ തകർത്തുകൊണ്ട് ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളടിച്ചു.അഡ്രിയാൻ ലൂണയാണ് ഇത്തവണ വലകുലുക്കിയത്.
ഇതോടെ തുടർച്ചയായി ആറു മത്സരങ്ങൾ തോൽവി അറിയാതെ പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. തോൽവിയോടെ ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് വീണു.
ചെന്നൈ ബ്ലാസ്റ്റ്; കൊന്പുകുലുക്കി കേരളാ ബ്ലാസ്റ്റേഴ്സ്
10:07 PM Dec 22, 2021 | Deepika.com