ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് തിരിച്ചടി. ടെസ്റ്റ് ബാറ്റർമാരുടെ ഏറ്റവും പുതിയ റാങ്കിംഗിൽ കോഹ്ലി ഏഴാം സ്ഥാനത്തേയ്ക്കു പതിച്ചു. കോഹ്ലി നേരത്തെ ആറാം സ്ഥാനത്തായിരുന്നു.
എന്നാൽ പരിമിത ഓവർ ക്യാപ്റ്റൻ രോഹിത് ശർമ അഞ്ചാം സ്ഥാനം നിലനിർത്തി. ആഷസിൽ ഗംഭീര പ്രകടനം നടത്തിയ ഓസ്ട്രേലിയയുടെ മധ്യനിര ബാറ്റർ മാര്‍നസ് ലബുഷെയ്ൻ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഒന്നാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ രണ്ടിലേക്ക് പിന്തള്ളിയാണ് ലബുഷെയ്ൻ റാങ്കിംഗിൽ ഒന്നാമനായത്.
കരിയറിൽ ആദ്യമായാണ് ലബുഷെയ്ൻ റാങ്കിംഗിൽ ഒന്നാമനാകുന്നത്. ആഷസ് പരമ്പരിയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലേയും മികച്ച പ്രകടനം അദ്ദേഹത്തിന് 912 പോയിന്റ് നേടിക്കൊടുത്തു. റൂട്ടിന് 897 പോയിന്റാണ് ലഭിച്ചത്.
ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ആർ. അശ്വിൻ രണ്ടാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഒന്നാമത്.
ഐസിസി ടെസ്റ്റ് റാങ്കിംഗ്: ലബുഷെയ്ൻ ഒന്നിലേക്ക് കുതിച്ചെത്തി, കോഹ്ലി ഏഴിലേക്ക് വീണു
03:47 PM Dec 22, 2021 | Deepika.com