പി.ടി.തോമസ്: അണികളിൽ ആവേശം പകർന്ന ഊർജകേന്ദ്രം

12:17 PM Dec 22, 2021 | Deepika.com
തൊടുപുഴ: എടുത്ത തീരുമാനത്തിൽനിന്നു അണുവിട വ്യതിചലിക്കാത്ത നേതാവിനെയാണ് പിടിയുടെ വേർപാടിലൂടെ നഷ്ടമായത്. നിയമസഭയ്ക്കകത്തും പുറത്തും ഏതൊരു വിഷയവും തലനാരിഴ കീറി കൃത്യമായി അവതരിപ്പിക്കാനുള്ള അസാധാരണ പാടവം ചുരുങ്ങിയ നാളുകൾക്കുള്ളിൽ സ്വായത്തമാക്കിയ നേതാവായിരുന്നു ഇദ്ദേഹം.

പി.ടി. പ്രസംഗിക്കാൻ എഴുന്നേൽക്കുന്പോൾത്തന്നെ നിയമസഭ കണ്ണുംകാതും കൂർപ്പിച്ചിരിക്കും. മികച്ച വാഗ്മിയായ പിടിക്ക് എതിരാളികളെ നിലംപരിശാക്കാനും പാർട്ടിക്കും മുന്നണിക്കും വേണ്ടി വിജയ തന്ത്രം ഒരുക്കാനും ഉണ്ടായിരുന്ന ശേഷി ഒന്നു വേറെ തന്നെയായിരുന്നു.

അണികളിൽ ആവേശം ജനിപ്പിക്കാനും ഏതു പ്രതിസന്ധിഘട്ടത്തിലും പ്രവർത്തകരോടൊപ്പം ഉറച്ചുനിൽക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ജനങ്ങളുടെ -പൾസ്- അറിഞ്ഞു പ്രവർത്തിച്ച നേതാവായിരുന്നു പി.ടി.

ഇടുക്കി ജില്ലയിലെ ഉപ്പുതോട്ടിലെ സാധാരണ കർഷക കുടുംബത്തിൽ പുതിയാപറന്പിൽ തോമസ്-അന്നമ്മ ദന്പതികളുടെ മകനായി 1950 ഡിസംബർ 12നായിരുന്നു ജനനം. കെഎസ് യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്കു കടന്നുവന്നത്.

തൊടുപുഴ ന്യൂമാൻ കോളജിൽ പഠിക്കുന്ന കാലയളവിൽ നിരവധി വിദ്യാർഥി സമരങ്ങൾക്ക് നേതൃത്വം നൽകി. തൊടുപുഴയിൽ പി.ജെ.ജോസഫിനെ പരാജയപ്പെടുത്തിയാണ് 1991ൽ ആദ്യമായി നിയമസഭാംഗമായത്.

പിന്നീട് 2001ലും തൊടുപുഴയിൽ വിജയം ആവർത്തിച്ചു.2009ൽ ഇടുക്കിയിൽനിന്നു വൻ ഭൂരിപക്ഷത്തിൽ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ തൃക്കാക്കര മണ്ഡലത്തെയാണ് പി.ടി പ്രതിനിധീകരിക്കുന്നത്.