ന്യൂഡൽഹി: കർഷകരോടുള്ള പ്രധാനമന്ത്രിയുടെ ക്ഷമാപണം ആത്മാർഥമാണെങ്കിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പ്രിയങ്ക ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ ആരോപണ വിധേയനാണ് മന്ത്രിയുടെ മകനായ ആശിഷ് മിശ്ര. മന്ത്രിക്കൊപ്പം ഒരു വേദിയിലും ഇരിക്കരുതെന്ന് പ്രിയങ്ക കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട എട്ട് പേരുടെ ജീവന് ഉത്തരവാദിയാണ് മന്ത്രി പുത്രൻ. കേസിൽ ഒക്ടോബർ ഒൻപതിന് അറസ്റ്റിലായ ആശിഷ് നിലവിൽ ജയിലിലാണ്. മന്ത്രിപുത്രനൊപ്പം 13 പേരാണ് കേസിലെ പ്രതികൾ ഇവരെല്ലാം ജുഡീഷൽ കസ്റ്റഡിയിലാണ്.
നിലിവിൽ ഉത്തർപ്രദേശിലുള്ള പ്രധാനമന്ത്രി ഇന്ന് സംസ്ഥാന പോലീസ് മേധാവിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിൽ കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി അജയ് മിശ്രയും പങ്കെടുക്കും. ഇതിന് മുന്നോടിയായിട്ടാണ് പ്രിയങ്കയുടെ കത്ത്.
അജയ് മിശ്രയെ പുറത്താക്കണം; പ്രധാനമന്ത്രിക്ക് പ്രിയങ്കയുടെ കത്ത്
01:10 PM Nov 20, 2021 | Deepika.com