357 ദിനങ്ങള്‍, അറുനൂറിലേറെ മരണം, തളരാത്ത പോരാട്ടം

02:49 PM Nov 19, 2021 | Deepika.com
ന്യൂഡല്‍ഹി: ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് അറുനൂറിലേറെ കര്‍ഷകര്‍ക്ക്. വെയില്‍, ശൈത്യം, പെരുമഴ... ഇതിനൊന്നിനും തോല്‍പ്പിക്കാനാവാതെ കര്‍ഷകര്‍. കൂടെ സമരത്തിനു വന്ന പലരും തിരികെ പോകാന്‍ ഒപ്പമില്ല.

പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണോ കണ്ടുനിന്നവര്‍ സംശയിച്ചപ്പോഴും തെല്ലും പതറാതെ അവര്‍ സമരത്തിലായിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ ഭരണം നടത്തുന്ന ഒരു സര്‍ക്കാരിനെതിരേ ആയുധമോ അക്രമമോ ഇല്ലാതെ സഹനത്തിന്‍റെ സമരം. ചിലപ്പോഴെങ്കിലും പോലീസ് ഇടപെട്ടു സമരക്കാരെ കൈകാര്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ മാത്രമാണ് സമരം അതിന്‍റെ രോഷത്തിന്‍റെ മുഖം കാണിച്ചത്.

സഹനത്തിന്‍റെ സമരം ഒടുവില്‍ അവര്‍ക്കു വിജയം സമ്മാനിച്ചിരിക്കുന്നു. പതിനൊന്നു വട്ടം ചര്‍ച്ച നടത്തിയിട്ടും നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു സര്‍ക്കാര്‍ ഒടുവില്‍ മുട്ടു മടക്കിയിരിക്കുന്നു. ഉരുക്കുമുഷ്ടികൊണ്ട് സമരങ്ങളെ നേരിടുകയും എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരേ എത്ര വലിയ പ്രതിഷേധം ഉയര്‍ന്നാലും പിന്നോട്ടു പോകാതിരിക്കുകയും ചെയ്തിരുന്ന ഒരു ഭരണകൂടം ഈ കര്‍ഷകരുടെ സഹനസമരത്തിനു മുന്നില്‍ കീഴടങ്ങി എന്നതു നിസാരമായ കാര്യമല്ല.

ജനാധിപത്യത്തിന്‍റെ ശക്തിയും സൗന്ദര്യവും ഒരിക്കല്‍കൂടി വ്യക്തമാക്കുന്ന ഉജ്വല പോരാട്ടമായി ഇത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇടംപിടിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്തു സംഭവിച്ചാലും ലക്ഷ്യങ്ങള്‍ നേടാതെ ഈ സമരം അവസാനിക്കില്ല എന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യവും അതിനൊപ്പമുള്ള പോരാട്ടവും ആരെയും അതിശയിപ്പിക്കുന്നതാണ്.

ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു വേറിട്ട സമരമുഖമാണ് കര്‍ഷക സമരത്തിന്‍റെ ഭാഗമായി അവര്‍ പടുത്തുയര്‍ത്തിയത്. മാസങ്ങളോളം താമസിച്ചു സമരം ചെയ്യാനുള്ള സാമഗ്രികളുമായിട്ടാണ് അവര്‍ രാജ്യതലസ്ഥാനത്തേക്കു മാര്‍ച്ച് ചെയ്തതും തമ്പടിച്ചതും.

അറുനൂറിലേറെ പേര്‍ക്കാണ് കര്‍ഷക സമരവുമായി ബന്ധപ്പെട്ടു ജീവന്‍ നഷ്ടമായത്. അപകടങ്ങളിലും അക്രമങ്ങളിലും സ്ത്രീകളടക്കമുള്ള കർഷകർ മരിച്ചു. രോഗം ബാധിച്ചും അതിശൈത്യത്തിനു കീഴടങ്ങിയുമൊക്കെയും മരണമെത്തി. അതില്‍ ചില സംഭവങ്ങള്‍ വലിയ വിവാദം ഉയര്‍ത്തിയിരുന്നു.

കേന്ദ്രസര്‍ക്കാരിനെയും യുപി സര്‍ക്കാരിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കേന്ദ്രസഹമന്ത്രിയുടെ മകന്‍റെ വാഹനം കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ സംഭവം. നാലു കര്‍ഷകര്‍ അടക്കം എട്ടുപേരാണ് ഈ സംഭവത്തില്‍ മരിച്ചത്. കര്‍ഷകരോഷം ഭരണകൂടത്തിനെതിരേ കൂടുതല്‍ അണപൊട്ടാന്‍ ഈ ദുരന്തം കാരണമായി മാറി.

കർഷകരുടെ രോഷം വോട്ടുബാങ്കിന്‍റെ അടിത്തറ മാന്തിത്തുടങ്ങിയെന്നു തിരിച്ചറിഞ്ഞാണ് ഭരണകൂടം ഇപ്പോൾ എടുത്ത തീരുമാനത്തിൽനിന്നു പിന്നാക്കം പോകാൻ തയാറായത്. ആദ്യ ഘട്ടത്തിലെ പ്രതിഷേധത്തിൽ തന്നെ സർക്കാർ കർഷകർക്കു വേണ്ടാത്ത ഈ നിയമങ്ങളിൽനിന്നു പിന്മാറാൻ തയാറായിരുന്നെങ്കിൽ അറു നൂറിലേറെ കർഷകരുടെ ജീവൻ ബലി കൊടുക്കേണ്ടി വരില്ലായിരുന്നു.



അറുനൂറു പേരുടെ രക്തസാക്ഷിത്യം ഭരണകൂടത്തെ ഇനിയും വേട്ടയാടും എന്നതിൽ സംശയമില്ലെന്നാണ് കർഷക സമരത്തെ അനുകൂലിക്കുന്നവർ പറ‍യുന്നത്.