ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചും ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ മോശം അഭിപ്രായ പ്രകടനങ്ങളെ വിമർശിച്ച് ശശി തരൂർ എംപി. കങ്കണ ചരിത്രം കുറച്ചെങ്കിലും വായിക്കേണ്ടതുണ്ട്. ഗാന്ധിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ അവർക്ക് ഒരു ധാരണയുമില്ലെന്നും തരൂർ പറഞ്ഞു.
ദേശീയ മാധ്യമത്തിനോടായിരുന്നു തരൂരിന്റെ പ്രതികരണം. നിങ്ങളുടെ നിയമം അനീതിപരമാണെന്നും താൻ നിങ്ങളുടെ നിയമം ലംഘിക്കുകയാണെന്നും ബ്രിട്ടീഷുകാരോട് പറഞ്ഞയാളാണ് ഗാന്ധി. നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ നിങ്ങളെന്നെ ശിക്ഷിക്കൂ, ആ ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയാറാണെന്ന് പറയുന്നതാണോ യാചനയെന്നും തരൂർ ചോദിച്ചു.
ജയില്‍ മോചിതനാവാന്‍ മാപ്പപേക്ഷ നല്കിയ ആളുകളെ വീരനായി കരുതുന്ന കങ്കണയ്ക്ക് സ്വാതന്ത്ര്യ സമരത്തിലെ യഥാര്‍ഥ വീരന്മാരെ മനസിലാവാന്‍ സാധ്യതയില്ലെന്നും, പലരും കങ്കണയുടെ വീരനെക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കിടന്നിരുന്നെന്നും തരൂർ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഗാന്ധിയുടെ ഭിക്ഷയെന്നാണ് കഴിഞ്ഞ ദിവസം കങ്കണ പറഞ്ഞത്.
"പോയി ചരിത്രം പഠിക്കൂ..': കങ്കണയ്ക്ക് മറുപടിയുമായി ശശി തരൂർ
08:42 PM Nov 18, 2021 | Deepika.com