കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍ വേയിലെ സുഗമമായ നീരൊഴുക്കിന് തടസമായി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതു കരിമണല്‍ ഖനനമായി കാണാനാവില്ലെന്നു ഹൈക്കോടതി. ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴിമുഖത്തു മണല്‍ ഖനനം നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് തോട്ടപ്പള്ളി സ്വദേശി എം.എച്ച്. വിജയന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്. ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ധാതുഖനനമല്ല മണലെടുപ്പിന്റെ ഉദ്ദേശ്യമെന്നും അതിനാല്‍ ആറ്റോമിക് മിനറല്‍സ് കണ്‍സെഷന്‍സ് ചട്ടത്തിനു വിരുദ്ധമെന്ന് പറയാനാവില്ലെന്നും കോടതി പറഞ്ഞു. ദുരന്തനിവാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി ഡാമുകള്‍, റിസര്‍വോയറുകള്‍, തടയണകള്‍, നദികള്‍ തുടങ്ങവയില് ആഴം കൂട്ടുന്നതിനും ചെളി നീക്കം ചെയ്യുന്നതിനും പാരിസ്ഥിതികാനുമതി വേണ്ടെന്ന് 2019 ലെ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. തോട്ടപ്പള്ളി പൊഴിമുഖത്തെ മണല്‍നീക്കവും ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി.
തോട്ടപ്പള്ളി സ്പില്‍ വേ: മണല്‍ നീക്കുന്നത് കരിമണല്‍ ഖനനമല്ലെന്നു ഹൈക്കോടതി
02:44 AM Nov 18, 2021 | Deepika.com