കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണെമെന്നു സിബിഐ കൊച്ചിയിലെ പ്രത്യക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കേരള പോലിസിലെ ഡിവൈഎസ്പിമാരായ പി.പി. സദാനന്ദന്, പ്രിന്‍സ് ഏബ്രഹാം, സിഐ കെ.പി. സുരേഷ് ബാബു എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് റിപോര്‍ട്ടിലെ ആവശ്യം. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍എസ്എസ് ആണ് എന്നാണ് മറ്റൊരു വധകേസിലെ പ്രതിയായ സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഫസലിന്റെ സഹോദരന് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നു നടത്തിയ തുടരന്വേഷണത്തില്‍ സിപിഎം നേതാക്കളുള്‍പ്പെടെയുള്ളവര്‍ തന്നെയാണ് പ്രതികളെന്നു സിബിഐ ആവര്‍ത്തിക്കുകയായിരുന്നു. സിബിഐ ആര്‍എസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന വാദം തള്ളുകയും കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവര്‍ തന്നെയാണ് പ്രതികളെന്ന് വ്യക്തമാക്കുകയും ചെയ്തു.
വാളാങ്കിച്ചാല്‍ മോഹനന് വധക്കേസില്‍ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലില്‍വെച്ച് ഈ മൊഴി രേഖപ്പെടുത്തി എന്നതാണ് സിബിഐ കണ്ടെത്തല്‍. ഇതില്‍ പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസല്‍ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സിബിഐ വ്യക്തമാക്കുന്നു. നാലുപേര്‍ ഒരു ബൈക്കില്‍ പോയി കൃത്യം ചെയ്തുവെന്ന സുബീഷിന്റെ മൊഴി അംഗീകരിക്കാനാവാത്തതാണെന്നും സിബിഐ വ്യക്തമാക്കി.
ഫസല്‍ വധകേസ്: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിബിഐ
11:35 PM Nov 17, 2021 | Deepika.com