ഓ​സ്ട്രേ​ലി​യ! ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റി​നെ ട്രോ​ളി സോ​ഷ്യ​ൽ മീ​ഡി​യ

03:37 PM Nov 15, 2021 | Deepika.com
ന്യൂഡൽഹി: ജീവനകല എന്ന യോഗാഭ്യാസ രീതിയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കറിനെ ട്രോളി സോഷ്യൽ മീഡിയ. അദ്ദേഹത്തിന്‍റേതായി ഏതാനും ആഴ്ചകളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വിഡിയോയാണ് അദ്ദേഹത്തെ വാർത്തകളിലാക്കിയിരിക്കുന്നത്.

മഹാഭാരതവുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങളെ ലോക രാജ്യങ്ങളുടെ പേരുമായി സാമ്യപ്പെടുത്തിയാണ് ട്രോളുകൾ പ്രചരിക്കുന്നത്. പാണ്ഡവർ വില്ലുണ്ടാക്കാൻ ഈറ്റ വെട്ടിയിരുന്ന നാടാണ് ഈറ്റലി എന്നു തുടങ്ങി നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.

ഓ​സ്ട്രേലിയ എന്ന രാജ്യത്തിന്‍റെ പേര് ഉത്ഭവിച്ചതുമായി ബന്ധപ്പെട്ട രവിശങ്കറിന്‍റെ പരാമർശമാണ് ട്രോളുകൾക്കു കാരണം. ഓ​സ്ട്രേലിയ എന്ന പേര് ഉത്ഭവിച്ചത് സംസ്കൃത പദമായ ആസ്ത്രാലയ (അസ്ത്ര - ആലയ = ആയുധപ്പുര) എന്ന വാക്കിൽനിന്നാണെന്നാണ് രവി ശങ്കർ അവകാശപ്പെട്ടത്.

മഹാഭാരതത്തിൽനിന്നാണ് ഈ വാക്ക് ഉത്ഭവിച്ചതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. വീഡിയോ ചിത്രീകരിച്ചിരിക്കുന്ന സമയം വ്യക്തമല്ല. അതേസമയം, ഒരു അനുയായി ചോദിക്കുന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറ‍യുന്നത്.

അതിശക്തമായ ആയുധങ്ങൾ ഈ നാട്ടിൽ സൂക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ഓ​സ്ട്രേലിയയുടെ മധ്യഭാഗങ്ങൾ മരുഭൂമികളായി കാണുന്നത്. അവിടെ ഒരു അണുസ്ഫോടനം നടന്നതായി ശാസ്ത്രജ്ഞർ കരുതുന്നു.

ഈ ഭാഗത്തു ചെടികളോ ജീവജാലങ്ങളോ ഇല്ല. ഓ​സ്ട്രേലിയൻ ജനത ജീവിക്കുന്നതു ഏതാണ്ട് മുഴുവനായിത്തന്നെ തീര പ്രദേശങ്ങളിലാണ്. അതുകൊണ്ട് ഇക്കാര്യങ്ങൾ അക്കാലത്തു നടന്നു എന്നുതന്നെ ഉറപ്പിക്കാം. - ശ്രീ ശ്രീ രവിശങ്കർ വിഡിയോയിൽ പറയുന്നു.

ഇനി ഇക്കാര്യങ്ങളൊന്നും നടന്നിട്ടില്ല എല്ലാം ഭാവനയാണെന്നു കരുതിയാൽത്തന്നെ എല്ലാം തുടങ്ങുന്നതു ഭാവനയിൽനിന്നാണ്. ഒരു പക്ഷി പറക്കുന്നതു കണ്ടു ഭാവന ചെയ്തയാളാണ് വിമാനം നിർമിക്കാൻ ശ്രമിച്ചത്. - അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഒാസ്ട്രേലിയൻ നാഷണൽ ലൈബ്രറി രേഖകൾ പ്രകാരം ഇംഗ്ലീഷ് പര്യവേക്ഷകൻ മാത്യു ഫ്ലിൻഡർ ആണ് ഇന്ന് ഉപയോഗിക്കുന്ന ഓ​സ്ട്രേലിയ എന്ന പേര് ആദ്യമായി രേഖപ്പെടുത്തിയതെന്നു പറയുന്നു.

‌1803ലാണ് അദ്ദേഹം ഈ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്നത്. ഇക്കാര്യങ്ങൾ വിവരിച്ച് 1804ൽ അദ്ദേഹം എഴുതിയ രേഖകളിലാണ് ഈ പേര് പരാമർശിച്ചിരിക്കുന്നത്. ലൈബറിയുടെ വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.

അദ്ദേഹത്തിന്‍റെ പര്യവേക്ഷണം സംബന്ധിച്ച മുഴുവൻ വിവരങ്ങളും അവസാനമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1814ൽ ആയിരുന്നു. ടെറാ ഓ​സ്ട്രേലിസ് എന്ന പേരിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.

എന്നാൽ, ഇതിനുമുന്പ് 1545ൽ ഓ​സ്ട്രേലിയ എന്ന പേര് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജ്യോതിശാസ്ത്രപരമായ ഒരു രേഖയിലാണിത്. വലിയൊരു ഭൂ വിഭാഗത്തെ സൂചിപ്പിക്കാനാണ് ഈ പേര് അതിൽ ഉപയോഗിച്ചിട്ടുള്ളത്.