തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നസാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങൾക്കുമുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കേണ്ടതാണാണെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
അതേസമയം, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
03:53 PM Nov 14, 2021 | Deepika.com