തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്കും തെക്കൻ കേരളത്തിൽ ശക്തമായ മഴയ് ക്കും സാധ്യത. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച രാവിലെ 8.30ഓടെ പുതിയ ന്യൂനമർദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ തെക്ക് ആൻഡമാൻ കടലിൽ തായ്ലൻഡ് തീരത്തോടു ചേർന്നാണ് പുതിയ ന്യൂനമർദം രൂപപ്പെട്ടത്.
വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ഈ ന്യൂനമർദം നാളെ ശക്തിപ്രാപിക്കും. വടക്ക് ആൻഡമാൻ കടലിലും തെക്കു-കിഴക്കു ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനാണു സാധ്യത.
തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാതീരത്തു പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുമുണ്ട്.
ഇതിന്റെ സ്വാധീനത്താൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചു കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തെക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു.
കേരള ലക്ഷദ്വീപ് ഭാഗത്ത് നാളെ വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും പോയിട്ടുള്ള മത്സ്യ തൊഴിലാളികൾ ഉടൻ തീരത്ത് എത്തിച്ചേരണം.
ഇന്നും നാളെയും മഴ കനക്കും; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
06:48 AM Nov 14, 2021 | Deepika.com