കൊച്ചി: നടന് ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന് ആഷിഖ് അബു രംഗത്ത്. ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതിന്റെ സാഹചര്യത്തിലാണ് ആഷിഖ് അബു തന്റെ പിന്തുണ അറിയിച്ചത്.
ട്വിറ്ററിലൂടെയായിരുന്നു ആഷിഖ് പിന്തുണ അറിയിച്ചത്. ജോജുവിന്റെ ചിത്രത്തോടൊപ്പം "യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം', എന്നായിരുന്നു ആഷിഖ് അബു ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, ജോജു ജോര്‍ജിനെതിരെ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്ത് മൂന്നോട്ടുനീങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ്. എറണാകുളം ഡിസിസി മുതല്‍ ജോജു നായകനായി അഭിനയിച്ച സ്റ്റാര്‍ സിനിമ പ്രദര്‍ശിപ്പിച്ച ഷേണായിസ് തീയറ്റര്‍ വരെ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ജോജുവിന്റെ ചിത്രം പതിപ്പിച്ച റീത്തുമായാണ് പ്രവര്‍ത്തകര്‍ വീണ്ടും ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ മാര്‍ച്ച് നടത്തിയത്. ജോജു മാപ്പ് പറയണമെന്നും ജോജുവിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും നേതൃത്വം അറിയിച്ചു.
സംസ്ഥാനത്ത് വഴി തടഞ്ഞുള്ള ഷൂട്ടിംഗ് അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി. വരുന്ന ദിവസങ്ങളിലും ജോജുവിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസുത്രണം ചെയ്യാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
"യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം'; പിന്തുണയുമായി ആഷിഖ് അബു
10:43 PM Nov 09, 2021 | Deepika.com