തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല നേരിട്ടു നടത്തുന്ന അധ്യാപക പഠനകേന്ദ്രങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുതിനായി എന്‍സിടിഇക്ക് അപ്പീല്‍ നല്കാന് സിന്‍ഡിക്കറ്റ് തീരുമാനം. അംഗീകാരം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ അടുത്താഴ്ച തന്നെ കൗണ്‍സിലിന് ലഭ്യമാക്കും.
ബിഎഡ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുമെന്നും അംഗീകാരത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ 11 ബിഎഡ് പഠനകേന്ദ്രങ്ങളില്‍ ഒരെണ്ണമൊഴികെ എല്ലാം സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എംഎല്‍എ, എംപി ഫണ്ടുകളുപയോഗിച്ചും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തിലുമാണ് ഇവ സജ്ജമാക്കിയത്.
ചാലക്കുടിയിലെ കേന്ദ്രം മാത്രമാണ് പാട്ടവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതും സ്വന്തം കെട്ടിടത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരാണ് കേന്ദ്രങ്ങളില്‍ അധ്യാപകരായുള്ളത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന രേഖകള്‍ ഉടനെ തന്നെ കൗണ്‍സിലിനു നല്‍കും. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ കുറഞ്ഞ ഫീസില്‍ പഠനസൗകര്യം നല്കുന്ന കേന്ദ്രങ്ങള്‍ നിലനിര്‍ത്താന്‍ നിയമോപദേശം തേടാനും തീരുമാനമുണ്ട്.
ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരത്തില്‍ ആശങ്ക വേണ്ട: അപ്പീലിനൊരുങ്ങി സര്‍വകലാശാല
04:35 AM Nov 09, 2021 | Deepika.com