നഷ്ടം സഹിച്ചും ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് എന്ന സിനിമ നവംബര്‍ 12ന് തിയറ്ററുകളില്‍ കളിക്കാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒടിടി റിലീസ് വിവാദം കൊടുമ്പിരികൊണ്ടിരിക്കേ ദുല്‍ഖര്‍ സല്മാന് നായകനായ ചിത്രം തിയറ്ററുകാര്ക്കു പൂര്‍ണ പിന്തുണ നല്കി കളിപ്പിക്കാന്‍ തീരുമാനിച്ചത് മരക്കാറിനുള്ള ‘മറുപടി'യാണെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്.
ചിത്രം തിയറ്ററില്‍ തന്നെ കളിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനം നടത്തിയാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ ചിത്രം നേരത്തെ നെറ്റ് ഫ്ളിക്സിനു വിറ്റതാണെന്നും എന്നാല്‍, മമ്മൂട്ടിയുടെ ഇടപെടല്‍മൂലം തിരിച്ചുവാങ്ങി തിയറ്ററുകാര്ക്കു നല്‍കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ഇതോടെ തിയറ്ററുകാരെ സഹായിക്കാന്‍ മമ്മൂട്ടിയും മറുഭാഗത്തു മോഹന്‍ലാലും എന്ന പ്രചാരണമാണ് നടക്കുന്നത്. തുടര്‍ച്ചയായ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയിലേക്കുള്ള പോകുന്ന അവസ്ഥയും സൂപ്പര്താരങ്ങള്ക്കിടയിലെ ‘കളക്ഷന്‍ യുദ്ധ'ത്തിനു തടസമാകുമെന്ന് ആരാധകരും പറയുന്നു. തുടര്‍ച്ചയായി മോഹന്‍ലാലിന്റെ ആറ് സിനിമകളാണ് ഒടിടി സാധ്യത തേടിയിരിക്കുന്നത്.
അതേസമയം, മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ നിര്‍മാതാവ് മൂന്നോട്ടുവച്ച നിബന്ധനകളെച്ചൊല്ലിയും പല പ്രാചരണങ്ങളും സജീവമായിട്ടുണ്ട്. മരക്കാര്‍ മൂന്നാഴ്ച ഫ്രീ റണ്‍ നല്‍കണമെന്നു തിയറ്ററുകളോട് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നതായും ഇതു സമ്മതിച്ചെന്നും ഇല്ലെന്നും പ്രചാരണം നടക്കുന്നുണ്ട്.
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത കുറുപ്പ് എന്ന സിനിമയ്ക്കു വേണ്ടി തിയറ്ററുകാര്‍ എന്നാല്‍ ഈ ഓഫര്‍ അങ്ങോട്ടു അറിയിക്കുകയായിരുന്നു. കുറുപ്പ് റിലീസ് സമയത്തു മറ്റു ചിത്രങ്ങള്‍ കളിക്കുന്നതിനോടു തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അണിയറക്കാര്‍ അറിയിക്കുകയും ചെയ്തു.
മാത്രമല്ല കുറുപ്പ് എന്ന സിനിമ നെറ്റ് ഫ്ളിക്സ് ഏറ്റെടുക്കാത്തതുകൊണ്ടാണ് തിയറ്ററില്‍ കളിപ്പിക്കുന്നതെന്ന രീതിയില്‍ മരക്കാര്‍ ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് നടത്തിയ പ്രസ്താവനയും വലിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്.
- ഇ. അനീഷ്