കോഴിക്കോട്: പി.എച്ച്. ആയിശ ബാനുവിനെ പുതിയ പ്രസിഡന്റാക്കി "ഹരിത' സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വിവിധ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് മുസ്ലിം ലീഗ് പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടത്. വനിതാകമ്മീഷനിൽ പരാതി നൽകിയ പത്തുപേരേയും ഒഴിവാക്കിയിട്ടുണ്ട്. വനിതാ കമ്മിഷന് നൽകിയ പരാതിയിൽ ഒപ്പിടാത്ത ഏക അംഗമാണ് ഹരിതയുടെ ട്രഷറർ ആയിരുന്ന ആയിശ ബാനു.
കണ്ണൂരിലെ റുമൈസ റഫീഖ് ആണ് പുതിയ ജനറൽ സെക്രട്ടറി. നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസർഗോഡ്), അയ്ഷ മറിയം (പാലക്കാട്) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഫ്ഷില (കോഴിക്കോട്),എസ്. ഫായിസ (തിരുവനന്തപുരം), അഖീല ഫർസാന (എറണാകുളം) എന്നിവർ സെക്രട്ടറിമാരും മലപ്പുറത്തെ നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരേ സംസ്ഥാന വനിതാകമ്മീഷനു പരാതി നൽകിയതിന്റെ പേരിലായിരുന്നു ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിംലീഗ് പിരിച്ചു വിട്ടത്. പരാതി വിൻവലിക്കാനുള്ള മുസ്ലിംലീഗിന്റെ നിർദേശം ഹരിത തള്ളുകയായിരുന്നു. പരാതിയുമായി മുന്നോട്ടുപോയതോടെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതോടെ എംഎസ്എഫിന്റെ വനിതാവിഭാഗമായ ഹരിതയുടേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് നിർവാഹകസമിതിയോഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.
ആയിശ ബാനു പ്രസിഡന്റ്; "ഹരിത'യ്ക്ക് പുതിയ കമ്മിറ്റി പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
08:00 PM Sep 12, 2021 | Deepika.com