പുനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴ് പേര് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. പീഡനത്തില്‍ പരിക്കേറ്റ 13കാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. പുനെ റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിനെ കാത്തു നിന്ന് മടുത്ത പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഒരു ഓട്ടോ ഡ്രൈവര്‍ സമീപിച്ചു. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിയ ഇയാള്‍ തന്റെ സുഹൃത്തുക്കളെയും കൂടെ കൂട്ടി.
തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഒരു ബസ് കയറ്റി വിട്ടു. ഈ സമയം കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ചയോടെ പെണ്‍കുട്ടിയെ പുനെയില്‍ നിന്നും കണ്ടെത്തി.
പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പ്രതികളെ എല്ലാവരെയും പിടികൂടി. കേസില്‍ ഉള്‍പ്പെട്ട മറ്റ് ചിലരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ഏഴ് പേർ അറസ്റ്റിൽ
01:32 AM Sep 07, 2021 | Deepika.com