ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവെക്കണം എന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ പ്രൈവറ്റ്, കറസ്പോണ്ടന്‍സ്, കമ്പാര്‍ട്ട്മെന്റ് എക്സാമുകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കർ, ഹൃഷികേശ് റോയ്, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്.
ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ കഠിനമായ പരിശ്രമം നടത്തുന്ന സമയത്ത് വെറും ഒരു ശതമാനം പേരുടെ അസൗകര്യം കണക്കിലെടുത്ത് കോടതിക്ക് എങ്ങനെ ഇക്കാര്യത്തില്‍ ഇടപെടാനാകുമെന്ന് ബെഞ്ച് ആരാഞ്ഞു. ഞങ്ങളുടെ ഇടപെടല്‍ ആ കുട്ടികളില്‍ വേദനയുണ്ടാക്കും. അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ ചെയ്യട്ടെ. ഞങ്ങള്‍ ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ മറ്റു പ്രവേശന പരീക്ഷകളും നടക്കുന്നതിനാല്‍ നീറ്റ് മാറ്റണമെന്നായിരുന്നു ഹര്‍ജി നല്കിയ വിദ്യാര്‍ഥികളുടെ ആവശ്യം.
നീറ്റ് പരീക്ഷ നീട്ടില്ല; ഹർജി തള്ളി സുപ്രീംകോടതി
08:34 PM Sep 06, 2021 | Deepika.com