തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ തമ്മിലടിയിൽ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കോൺഗ്രസ് നേതാക്കൾക്ക് തമ്മിലടിക്കാൻ അല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്ന് വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
വമ്പിച്ച ഗൃഹസന്ദർശനം മാത്രമാണ് കോൺഗ്രസിൽ നടക്കുന്നത്, പുതിയ നേതാവ് പഴയ നേതാവിനെകണ്ട് കെട്ടിപ്പിടിക്കുകയാണ്. ഇതാണോ ജനങ്ങൾക്കായുള്ള ഇവരുടെ സേവനമെന്നും വിജയരാഘവൻ ചോദിച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം നേടി മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പുതുപ്പള്ളിയിലെയും ഹരിപ്പാട്ടെയും വീട്ടിലെത്തി കണ്ടിരുന്നു. ഇതിനെ പരിഹസിച്ചാണ് വിജയരാഘവന്റെ മറുപടി.
ഞായറാഴ്ച രാവിലെയാണ് സതീശൻ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയത്. ചർച്ച അരമണിക്കൂറോളം നീണ്ടു. വൈകീട്ട് 3.30ന് ഹരിപ്പാട് എംഎൽഎ ഓഫിസിലായിരുന്നു ചെന്നിത്തലയുമായുള്ള ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ച. മുതിർന്ന നേതാക്കൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും കൂടിക്കാഴ്ചക്കുശേഷം സതീശൻ പറഞ്ഞു.
"പുതിയ നേതാവ് പഴയ നേതാവിനെ കെട്ടിപ്പിടിക്കുന്നു'; കോൺഗ്രസിനെ പരിഹസിച്ച് വിജയരാഘവൻ
11:52 AM Sep 06, 2021 | Deepika.com