അബുദാബി: രാജ്യത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് 50 പുതിയ പദ്ധതികളുടെ ആദ്യ പട്ടിക യുഎഇ പുറത്തിറക്കി. ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്ന ഗ്രീൻ വിസയും ഫ്രീലാൻസ് വിസയും ഏർപ്പെടുത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി പ്രഖ്യാപനം നടത്തിയത്.
നിക്ഷേപകർക്കും വ്യാപാര സമൂഹത്തിനും ഉയർന്ന കഴിവുകളുള്ള പ്രൊഫഷനലുകൾക്കുമാണ് ഗ്രീൻ വിസ എന്ന പുതിയ പദ്ധതി. ഗ്രീൻ വിസ ലഭിക്കുന്നവർക്ക് 25 വയസ് വരെയുള്ള ആൺമക്കളെയും മാതാപിതാക്കളെയും സ്പോൺസർ ചെയ്യാവുന്നതാണ്. വിസ റദ്ദാക്കിയാൽ സാധാരണ 30 ദിവസത്തിനകം രാജ്യം വിടണമെന്ന നിബന്ധന ഗ്രീൻ വിസക്കാർക്കു ബാധകമല്ല. ഇവർക്ക് 90 മുതൽ 180 ദിവസങ്ങൾ വരെ രാജ്യത്തു താങ്ങുന്നതിനു അവസരം നൽകും. സ്വതന്ത്രമായി പ്രവർത്തിക്കുന്നത് അനുവദിക്കുന്നതാണ് ഫ്രീലാൻസ് വിസ.
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുചേർന്ന ദുബായിലെ ചടങ്ങിലാണ് പുതിയ വീസകൾ പ്രഖ്യാപിച്ചത്. രാജ്യത്തെ നാലാമത്തെ വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടു അഞ്ച് ബില്യൺ ഡോളർ വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനായി എമിറേറ്റ്സ് വികസന ബാങ്കിന് സർക്കാർ അനുവദിച്ചിട്ടുണ്ട്. അടുത്ത ഒന്പത് വർഷത്തിനുള്ളിൽ 150 ബില്യൺ ഡോളർ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണിത്.
ലോകത്തെ ഏറ്റവും വലിയ സിലിക്കൺ വാലിയായി യുഎഇയെ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടു ഒരു ദിവസം 100 കമ്പ്യൂട്ടർ കോഡേഴ്സിനെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് തീരുമാനിച്ചു. ഒരുലക്ഷം കോഡേഴ്സിന് ഗോൾഡൻ വിസ നൽകുന്നതിനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.
കമ്പനി സ്പോൺസർഷിപ്പില്ലാതെ ജോലി ചെയ്യാം; ഗ്രീൻ, ഫ്രീലാൻസ് വിസകളുമായി യുഎഇ
08:18 PM Sep 05, 2021 | Deepika.com