ഓഗസ്റ്റ് 27 വെകുന്നേരം അഞ്ച് മുതൽ 5.30 വരെ പാഴൂരിൽ കുട്ടി അയൽവീടുകളിലെ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു. ഓഗസ്റ്റ് 28ന് വീട്ടിൽ തന്നെ കഴിഞ്ഞ കുട്ടി, 29ന് രാവിലെ പനിയെ തുടർന്ന് 8.30നും 8.45നും ഇടയിൽ ഇരഞ്ഞിമാവിലെ ഡോ. മൊഹമ്മദിന്റെ ക്ലിനിക്കിൽ പോയിരുന്നു. ഓട്ടോയിലാണ് കുട്ടി ക്ലിനിക്കിലേക്ക് പോയതും മടങ്ങിയെത്തിയതും.
കടുത്ത പനിയെ തുടർന്ന് 30ന് വീട്ടിൽ തന്നെ ആയിരുന്നു. 31ന് രാവിലെ മുക്കത്തെ ഇഎംഎസ് ആശുപത്രിയിലും തുടർന്ന് ഓമശേരിയിലെ ശാന്തി ആശുപത്രിയിലും പോയി. അമ്മാവന്റെ ഓട്ടോയിലാണ് കുട്ടി ഇവിടെയെത്തിയത്. അവിടെ നിന്ന് ഉച്ചയോടെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെന്നും റൂട്ട് മാപ്പിൽ പറയുന്നു.
സെപ്റ്റംബർ ഒന്നിനാണ് കുട്ടിയെ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക ജ്വര ലക്ഷണത്തോടെ അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടി ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
നിപ ബാധിച്ച് മരിച്ച കുട്ടി റംബൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. കേന്ദ്ര സംഘം കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ച് വിവരം ശേഖരിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂർ, പാഴൂർ മേഖലകളിലാണ് സംഘം സന്ദർശിച്ചത്.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡി. ഡയറക്ടർ ഡോ. രഘുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലത്തെത്തിയത്. പനി വരുന്നതിന് ദിവസങ്ങൾ മുമ്പ് കുട്ടി വീടിന് പരിസരത്തുനിന്ന് റംബൂട്ടാൻ പഴം കഴിച്ചതായി വിവരമുണ്ടായിരുന്നു. ഇതേത്തുടർന്ന് റംബൂട്ടാൻ സാമ്പിളുകൾ സംഘം ശേഖരിച്ചു. വീട്ടിലെ ആട് ചത്തുകിടന്ന സ്ഥലത്തും പരിശോധന നടത്തി.
കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മാവൂരില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി നിയന്ത്രണമേർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.
അടുത്തുളള ജില്ലകളായ മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലും ജാഗ്രത തുടരുകയാണ്.