കോട്ടയം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ മയപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ് മാത്രമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വി.ഡി. സതീശൻ പുതുപ്പള്ളിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
കോൺഗ്രസിലെ പ്രശ്നപരിഹാര ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതാണ് ഏറ്റവും ഉചിതം. പുനസംഘടനയുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായി. അതിൽ തനിക്ക് വേദനയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് വി.ഡി. സതീശനും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിർന്ന നേതാക്കളെ എല്ലാവരെയും വീടുകളിൽ പോയി കാണും. നേതാക്കളുടെ ആഗ്രഹങ്ങൾ അനുസരിച്ച് കോൺഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. പിണക്കമുണ്ടാകുമ്പോള്‍ ഇണക്കത്തിന്റെ ശക്തി കൂടുമെന്ന് സതീശന് പറഞ്ഞു.
കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ് മാത്രം; മയപ്പെട്ട് ഉമ്മൻ ചാണ്ടി
10:35 AM Sep 05, 2021 | Deepika.com