ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 20 വര്‍ഷം നീണ്ട പൊതുസേവനത്തിന് നന്ദി അറിയിക്കാന്‍ 20 ദിവസം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷ പരിപാടികള്‍ നടത്താന്‍ ബിജെപി. മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് സേവ സമര്പ്പണ് അഭിയാന് എന്ന പേരില്‍ പരിപാടികള്‍ക്ക് തുടക്കമാകും.
ആഘോഷത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ ശുചിത്വ യജ്ഞം, രക്തദാന ക്യാംപെയിന് തുടങ്ങി വിവിധ പരിപാടികള്‍ നടത്താനാണ് ബിജെപി തീരുമാനം. ഇതിനായി എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍ദേശം നല്കി.
ഇന്ത്യയിലുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍ മോദിക്ക് അയക്കുമെന്ന് ബിജെപി അറിയിച്ചു. മോദിക്ക് നദി അറിയിക്കുന്ന ഹോര്‍ഡിംഗുകള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. ആഘോഷ ദിവസങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും പ്രതിരോധ കുത്തിവയ്പ്പും നല്‍കും. നമോ ആപ്പിലൂടെ പ്രവര്‍ത്തകര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം.
പൊതുപ്രതിനിധികള്‍ എല്ലാവര്ക്കും റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പോയി പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്ന വീഡിയോ ചിത്രീകരിക്കാമെന്നും ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബിജെപിയുടെ യുവജന വിഭാഗം രക്തധാന ക്യാംപുകള്‍ നടത്തും.
ബിജെപി പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ 71 സ്ഥലങ്ങളില്‍ ഗംഗാ നദി ശുചീകരിക്കാനുള്ള ക്യാംപെയിന് നടത്തും. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മോദിയുടെ ജീവിതത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പ്രതിപാതിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ബുദ്ധിജീവികളെയും പ്രമുഖ വ്യക്തികളെയും ക്ഷണിക്കും. പ്രമുഖ വ്യക്തികളുടെ ലേഖനങ്ങളും അഭിപ്രായങ്ങളും വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുമെന്നും ബിജെപി അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യും. ജില്ലാ തലങ്ങളില്‍ ആരോഗ്യ ക്യാംപെയിനുകള്‍ നടക്കും. പ്രധാനമന്ത്രിയോട് നന്ദി അറിയിക്കാനും ബോധവല്‍ക്കരണം നല്കുന്നതിനുമായി എല്ലാ പ്രതിനിധികളും വാക്സിന് സെന്ററുകള്‍ സന്ദര്‍ശിക്കും.
ഗാന്ധി ജയന്തി ദിനമായ ഓക്ടോബര്‍ രണ്ടിന് ഖാദിയുടയും പ്രാദേശിക ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിച്ച് ക്യാംപെയ്ന് നടത്തും. കോവിഡ് മൂലം അനാഥരായവര്‍ക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി പിഎം കെയേഴ്സ് ഫണ്ടിന് അര്ഹരാക്കും.
കൂടാതെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും pmmemontos.gov.in എന്ന സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലേലം ചെയ്യുമെന്നും ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
"സേവ സമർപ്പൺ അഭിയാൻ'; പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കാൻ ബിജെപി
03:24 AM Sep 05, 2021 | Deepika.com