ക‍യറിവന്നവർക്കു കസേര! ന്യൂനപക്ഷ മോർച്ചയിലും മൂർച്ചയേറിയ പോര്

09:24 AM Sep 04, 2021 | Deepika.com
കോട്ടയം: ഭാരവാഹികളെ നിശ്ചയിക്കുന്നതു കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികൾക്കു ഗുലുമാലായി മാറുകയാണോ? കോൺഗ്രസിനും എൻസിപിക്കും പിന്നാലെ ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോർച്ചയിലും പൊട്ടിത്തെറി. പുതിയ രണ്ടു പേർക്കു ദേശീയ പദവി നൽകിയതുമായി ബന്ധപ്പെട്ടാണ് ന്യൂനപക്ഷമോർച്ചയിൽ മൂർച്ചയേറിയ പോര് നടക്കുന്നത്.

ചേക്കേറിയവർ

മറ്റു പാർട്ടികളിൽനിന്നു ചേക്കേറിയവർക്കു പ്രധാന പദവികൾ നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് ന്യൂനപക്ഷമോർച്ചയിൽ പരാതിയും ബഹിഷ്കരണവുമൊക്കെയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംസ്ഥാന നേതൃയോഗത്തിൽനിന്നു പ്രമുഖരടക്കം വിട്ടുനിന്നു.

നാലു ജില്ലകളിൽനിന്ന് ആരും തന്നെ യോഗത്തിന് എത്തിയില്ല. ആകെ ഭാരവാഹികളുടെ പകുതിപ്പേർ മാത്രമേ യോഗത്തിൽ സംബന്ധിച്ചുള്ളൂ. മുൻ സിപിഎമ്മുകാരനായിരുന്ന നിതിൻ ജോസഫ്, മുൻ എൻസിപിക്കാരനായിരുന്ന സുമിത് ജോർജ് എന്നിവരെ ദേശീയ എക്സിക്യൂട്ടിവീലേക്കു നാമനിർദേശം ചെയ്തതാണ് കലാപത്തിനു കാരണമായിരിക്കുന്നത്.

ദേശീയതലത്തിൽ പരാതി

ന്യൂനപക്ഷ മോർച്ചയ്ക്കും ബിജെപിക്കുംവേണ്ടി ഏറെക്കാലമായി അധ്വാനിക്കുന്നവർ ഉണ്ടായിട്ടും മറ്റു പാർട്ടികളിൽനിന്ന് അടുത്ത കാലത്തു വന്നവർക്കു പ്രധാന പദവികൾ നല്കിയെന്നാണ് ആക്ഷേപം. ദേശീയ നേതൃത്വത്തിന് പരാതിയും നൽകിയിട്ടുണ്ട്. യോഗം നടക്കുന്ന എറണാകുളത്ത് ഉണ്ടായിരുന്നിട്ടും സമ്മേളനത്തിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദൻ എത്തിയില്ല.

പാർട്ടിയിലെ പ്രധാന ന്യൂനപക്ഷനേതാക്കളായ ജോർജ് കുര്യൻ, എ.പി.അബ്ദുള്ളക്കുട്ടി എന്നിവരും വന്നില്ല. ജില്ലാ പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവരെയാണ് യോഗത്തിലേക്കു വിളിച്ചിരുന്നത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചു ചർച്ചചെയ്യാൻ വിളിച്ച യോഗം ദേശീയ പ്രസിഡന്‍റ് ജമാൽ സിദ്ധിഖിയാണ് ഉദ്ഘാടനം ചെയ്തത്.

കോൺഗ്രസിലും എൻസിപിയിലും

നേരത്തെ, എൻസിപിയിൽ കോൺഗ്രസിൽനിന്നെത്തി പുതിയ സംസ്ഥാന അധ്യക്ഷനായി മാറിയ പി.സി. ചാക്കോ പുതിയ ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുന്പോൾ കോൺഗ്രസിൽനിന്ന് എൻസിപിയിലേക്ക് എത്തിയവർക്കാണ് പരിഗണന നൽകുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം എൻസിപി ദേശീയ നേതൃത്വത്തെ സമീപിച്ചിരുന്നു.

ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുന്പോൾ പരന്പരാഗത എൻസിപിക്കാരെ അവഗണിക്കുന്നു എന്നായിരുന്നു പരാതി. എന്നാൽ, പരാതിയിൽ കഴന്പില്ലെന്നും കഴിവും മറ്റു മാനദണ്ഡങ്ങളും നോക്കിയാണ് നിയമനമെന്നുമായിരുന്നു പി.സി.ചാക്കോയുടെ നിലപാട്. ഡിസിസി പ്രസിഡന്‍റ്മാരെ നിയമിച്ചതാണ് കോൺഗ്രസിൽ പ്രതിഷേധത്തിന്‍റെ ഉരുൾപൊട്ടൽ സൃഷ്ടിച്ചത്.