ഇതു കൊല്ലാക്കൊല; മൂന്നു മാസം, ഗാർഹിക സിലിണ്ടറിൽ കൂട്ടിയത് 251 രൂ​പ​!

11:08 AM Sep 01, 2021 | Deepika.com
കൊ​ച്ചി: വീണ്ടും പാചകവാതകവില കുത്തനെ കൂട്ടിയതോടെ അടുക്കളയിൽനിന്ന് ഉയരുന്നതു കൊല്ലാക്കൊലയുടെ രോദനം. ഗാർഹിക സിലിണ്ടരിന് 25.50 രൂപയാണ് ഇന്നു കൂട്ടിയത്. മൂന്നു മാസത്തിനിടെ ഗാർഹിക സിലിണ്ടറിനു കൂട്ടിയത് 251 രൂപ.

കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുന്ന വർധനയ്ക്കെതിരേ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് വീണ്ടും കൂട്ടി ജനത്തിന് ഇരുട്ടടി നൽകിയിരിക്കുന്നത്. വെറും പതിനാറ് ദിവസത്തിന്‍റെ ഇടവേളയിലാണ് വീണ്ടും വില കൂട്ടിയത്.

വില വർധന

വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് ഒറ്റയടിക്ക് 74.50 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​യാണ് ഇന്നു വരുത്തിയത്. ഇതു വഴി ഹോട്ടൽ ഭക്ഷണത്തിന് അടക്കം വില വർധിക്കാൻ ഇടയാക്കും. കോവിഡ് പ്രതിസന്ധിയിൽ ജനം നട്ടം തിരിയുന്നതിനിടയിൽ യാതൊരു മാനുഷിക പരിഗണനയുമില്ലാത്ത വിലവർധനയാണ് കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ജനങ്ങളുടെ പ്രതിഷേധത്തിനും മുറവിളിക്കും തെല്ലും ചെവികൊടുക്കാത്ത സമീപനത്തിനെതിരേ വരും ദിവസങ്ങളിലും കടുത്ത പ്രതിഷേധം ഉയരുമെന്നാണ് സൂചന.

ഇന്നത്തെ വില വർധനയോടെ കൊ​ച്ചി​യി​ല്‍ 14.2 കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല 892 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. വാ​ണി​ജ്യ​സി​ലി​ണ്ട​റി​ന്‍റെ വി​ല 1618ല്‍നി​ന്ന് 1692.5 രൂ​പ​യു​മാ​യി. 46 ദി​വ​സ​ത്തി​നി​ടെ ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. മൂ​ന്നു മാ​സ​ത്തി​നി​ടെ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ മാ​ത്രം 251 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് വ​രുത്തിയിട്ടുള്ളത്.

ആയിരത്തിലേക്ക്

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ 14.2 കി​ലോ സി​ലി​ണ്ട​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ 950 രൂ​പ​യ്ക്കു മു​ക​ളി​ല്‍ ചെ​ല​വാ​കും. വി​ല വ​ര്‍​ധ​ന​യ്ക്കു​മു​മ്പേ​ത​ന്നെ പ​ല ജി​ല്ല​ക​ളി​ലും സി​ലി​ണ്ട​ര്‍​ വി​ല 900 രൂ​പ​യോ​ള​മാ​യി​രു​ന്നു.

അ​തി​നി​ടെ, കോ​വി​ഡി​നെ മ​റ​യാ​ക്കി പ​ല ഏ​ജ​ന്‍​സി​ക​ളും ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്. ബി​ല്ലി​ല്‍ കാ​ണി​ക്കു​ന്ന തു​ക​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​ണം ചി​ല ഏ​ജ​ന്‍​സി​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ മ​റ്റു ചി​ല​ര്‍ ബി​ല്ലി​ല്ലാ​തെ​യാ​ണു പാ​ച​ക വാ​ത​കം എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​തെ​ന്നാ​ണു പ്ര​ധാ​ന ആ​രോ​പ​ണം.

സബ്സിഡി എവിടെ?

ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള ഗ്യാ​സി​ന് നേ​ര​ത്തെ കേന്ദ്രസർക്കാർ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​കി​യി​രുന്നു. പിന്നീട് പാചകവാതകത്തിനു വില കുറഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി സബ്സിഡി നൽകുന്നതു നിർത്തിവച്ചു. എന്നാൽ, തുടർച്ചയായി പാചകവാതക വില ഉയർന്നിട്ടും നിർത്തിവച്ച സബ്സിഡി നൽകാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല.

പാർലമെന്‍റിൽ അടക്കം ഇതിനെതിരേ കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതുവഴി കോടികളാണ് കേന്ദ്രസർക്കാരിനു വരുമാനം ഉയർന്നിരിക്കുന്നത്. എന്നാൽ, ജനത്തെ കൊള്ളയടിക്കുന്നതു നിർത്തി പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കണമന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.