ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ ഡെയ്ൽ സ്റ്റെയിൻ ക്രിക്കറ്റിനോട് വിടപറഞ്ഞു. 38-ാം വയസിലാണ് താരം സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ചത്. 20 വർഷം നീണ്ട കരിയറാണ് സ്റ്റെയിൻ അവസാനിപ്പിച്ചത്.
കരിയറിന്റെ അവസാനം പരിക്ക് അലട്ടിയിരുന്ന താരത്തിന് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. 2021 ഐപിഎല്ലും പരിക്ക് മൂലം നഷ്ടമായി. സഹതാരങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം സ്റ്റെയിൻ നന്ദി അറിയിച്ചു.
2004-ൽ ഇംഗ്ലണ്ടിനെതിരേ പോർട്ട് എലിസബത്തിലായിരുന്നു സ്റ്റെയിന്റെ അരങ്ങേറ്റം. 93 ടെസ്റ്റിൽ രാജ്യത്തിനായി പന്തെറിഞ്ഞ വലംകൈയൻ പേസർ 439 വിക്കറ്റുകൾ സ്വന്തം പേരിൽ കുറിച്ചു. 26 തവണ അഞ്ച് വിക്കറ്റ് നേട്ടവും അഞ്ച് തവണ 10 വിക്കറ്റ് നേട്ടവും പേരിലാക്കി.
125 ഏകദിനങ്ങളിൽ നിന്ന് 196 വിക്കറ്റുകളും 47 ട്വന്റി-20 യിൽ നിന്ന് 64 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ 699 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.
ഡെയ്ൽ സ്റ്റെയിൻ വിരമിച്ചു
04:34 PM Aug 31, 2021 | Deepika.com