ടോക്കിയോ: ടോക്കിയോ പാരാലിന്പിക്സിൽ ഇന്ത്യക്ക് വെള്ളി. വനിതാ വിഭാഗം ക്ലാസ് ഫോർ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിന പട്ടേലാണ് വെള്ളി നേടിയത്. ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷൗ യിംഗിനോടാണ് ഭവിന പരാജയപ്പെട്ടത്. സ്കോര്‍ 11-7,11-5, 11-6.
ടോക്കിയോ പാരാലിന്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പാരാലിന്പിക്സിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഭവിന സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലും ഷൗ യിംഗിനോട് 3-0ന് ഭവിന പരാജയപ്പെട്ടിരുന്നു. ക്വാർട്ടറിലും സെമിയിലും അട്ടിമറി ജയത്തിലൂടെയാണ് ഭവിന ഫൈനലിൽ എത്തിയത്. ക്വാർട്ടറിൽ ലോക രണ്ടാം നന്പറും 2016 റിയോ പാരാലിന്പിക്സ് സ്വർണ ജേതാവുമായ ബോറിസ്ലാവ പെലിച്ച റാങ്കോവിച്ചിനെ അട്ടിമറിച്ചായിരുന്നു സെമി പ്രവേശനം. സെമിയിൽ ചൈനയുടെ ലോക മൂന്നാം നന്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചു.
പോളിയോ വഴിതിരിച്ച ജീവിതം
ഗുജറാത്തിലെ വഡനഗറിൽ 1986 നവംബർ ആറിനായിരുന്നു ഭവിന ഹസ്മുഖ്ഭായ് പട്ടേൽ എന്ന ഭവിന പട്ടേലിന്റെ ജനനം. പിതാവ് ഹസ്മുഖ്ഭായിയുടെ ചെറിയ കടയിൽനിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ ജീവിതമാർഗം. ജനിച്ചപ്പോൾ ഭവിനയ്ക്ക് വൈകല്യങ്ങളില്ലായിരുന്നു. എന്നാൽ, 12 മാസം പ്രയമുള്ളപ്പോൾ പോളിയോബാധിതയായി. തുടർന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും ജീവിതം വീൽചെയറിന്റെ അകന്പടിയോടെയായി.
അധ്യാപികയാകാൻ ആഗ്രഹിച്ചു
പഠിത്തത്തിൽ മോശമല്ലായിരുന്ന ഭവിനയുടെ ആഗ്രഹം അധ്യാപിക ആകണമെന്നതായിരുന്നു. എന്നാൽ, ഭിന്നശേഷിക്കാരിയായതിനാൽ അഭിമുഖത്തിനുശേഷം തഴയപ്പെട്ടു. അതായിരുന്നു ഭവിനയുടെ ജീവിതത്തിന്റെ വഴിത്തിരിവ്. ബ്ലൈൻഡ് പീപ്പിൾസ് അസോസിയേഷന്റെ ഒരു പരസ്യം കണ്ട ഭവിനയുടെ പിതാവ് അവളെ 2004ൽ അഹമ്മദാബാദിലെ ഐടിഐയിൽ ചേർത്തു. ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ കേന്ദ്രമായിരുന്നു അത്. അവിടെവച്ച് ഭവിന കാഴ്ചയില്ലാത്ത കുട്ടികൾ ടേബിൾ ടെന്നീസ് കളിക്കുന്നത് കണ്ടു. അതോടെ ടേബിൾ ടെന്നീസിലേക്ക് ശ്രദ്ധ തിരിഞ്ഞു. പടിപടിയായി മുന്നേറിയ ഭവിന പാരാലിന്പിക്സ് സ്വർണത്തിന്റെ വക്കിൽവരെ എത്തിനിൽക്കുന്നു.
2011ൽ തായ്ലൻഡ് ഓപ്പണിലൂടെയായിരുന്നു ഭവിനയുടെ ആദ്യ രാജ്യാന്തര മെഡൽ. 2013ൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വെള്ളിയിലൂടെ ചരിത്രം കുറിച്ചു. 2019ൽ ബാങ്കോക്കിൽവച്ച് ആദ്യ സ്വർണം. 2017ൽ നികുൽ പട്ടേലിനെ വിവാഹം കഴിച്ചു.
ഇന്ത്യൻ വനിതകൾ
പാരാലിന്പിക് ചരിത്രത്തിൽ മെഡൽ നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ മാത്രം വനിതാ താരമാണ് ഭവിന പട്ടേൽ. 2016 റിയൊ പാരാലിന്പിക്സിൽ വനിതാ ഷോട്ട്പുട്ട് എഫ് 53ൽ വെള്ളി നേടിയ ദീപ മാലിക്കാണ് ഈ നേട്ടം ആദ്യ കൈവരിച്ചത്.
ടോക്കിയോ പാരാലിന്പിക്സിൽ ഭവിനയ്ക്ക് വെള്ളി
09:25 AM Aug 29, 2021 | Deepika.com