കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ബം​ഗ​ളൂ​രു എ​ഫ്സി​യും ഡ്യൂറ​ന്‍റ് ക​പ്പി​ന്

07:28 AM Aug 25, 2021 | Deepika.com
കോ​ല്‍​ക്ക​ത്ത: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റാ​യ ഡ്യൂ​റ​ന്‍റ് ക​പ്പി​ന്‍റെ 130-ാം പ​തി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച് ഐ​എ​സ്എ​ൽ ക്ല​ബു​ക​ളാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യും ബം​ഗ​ളൂ​രു എ​ഫ്സി​യും. സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നു വ​രെ കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ്.

1888ല്‍ ​തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ആ​ര്‍​മി സം​രം​ഭ​മാ​യ ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഐ​എ​സ്എ​ല്ലി​നെ അ​ഞ്ച് ക്ല​ബു​ക​ൾ അ​ട​ക്കം 16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കു​ന്ന​ത്. ആ​റു ടീ​മു​ക​ൾ ഇ​ന്ത്യ​ൻ ആം​ഡ് ഫോ​ഴ്സി​ൽ നി​ന്നും മൂ​ന്നു ടീ​മു​ക​ൾ ഐ ​ലീ​ഗി​ൽ നി​ന്നും ര​ണ്ടു ടീ​മു​കൾ ഐ ​ലീ​ഗ് ഡി​വി​ഷ​ൻ 2-ൽ ​നി​ന്നു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ്സ് ക​പ്പ്, ഡ്യൂ​റ​ന്‍റ് ക​പ്പ്, സിം​ല ട്രോ​ഫി എ​ന്നി​ങ്ങ​നെ മൂ​ന്നു ട്രോ​ഫി​ക​ൾ ചാ​മ്പ്യ​ന്‍​മാ​ര്‍​ക്ക് ല​ഭി​ക്കും. കോ​ൽ​ക്ക​ത്ത​യി​ലെ മൂ​ന്നു ഗ്രൗ​ണ്ടു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് വേ​ദി​ക​ളാ​കു​ന്ന​ത്.