അ​ഫ്ഗാ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ര​ക്ഷ​പെ​ടു​ത്താ​ൻ ഫി​ഫ​യും ഫി​ഫ്പ്രോ​യും രം​ഗ​ത്ത്

07:14 PM Aug 22, 2021 | Deepika.com
കാ​ബൂ​ൾ: അ​ഫ്ഗാ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ രാ​ജ്യ​ത്തി​നു പു​റ​ത്തെ​ത്തി​ക്കാ​ൻ ഫി​ഫ​യും പ്ര​ഫ​ണ​ൽ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ഫ്പ്രോ​യും ചേ​ർ​ന്ന് ശ്ര​മം ആ​രം​ഭി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പു​രു​ഷ-​വ​നി​ത ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഫി​ഫ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫ​ത്മ സ​മൗ​റ പ​റ​ഞ്ഞു.

ത​ങ്ങ​ൾ ഫി​ഫ്പ്രോ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വീ​ണ്ടും ചെ​യ്യാ​ൻ ക​ഴി​യ​ണ​മെ​ന്നും ഫ​ത്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​യി​ക താ​ര​ങ്ങ​ളെ അ​ഫ്ഗാ​നി​ൽ​നി​ന്നും ഒ​ഴി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഫി​ഫ്പ്രോ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ഫ്ഗാ​നി​ൽ​നി​ന്നും ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ യു​എ​സ് വി​മാ​ന​ത്തി​ൽ​നി​ന്നും വീ​ണ് യു​വ അ​ഫ്ഗാ​ൻ ദേ​ശീ​യ ടീം ​ഫു​ട്ബോ​ൾ താ​രം സാ​ക്കി അ​ൻ​വാ​രി മ​രി​ച്ചി​രു​ന്നു.